ഞാന്‍ മരിച്ചിട്ടില്ലെന്ന് വയോധികന്‍, ‘സോറി ഏറെ വൈകിപ്പോയി, ഇനി മരണ സര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ പറ്റില്ലെന്ന്’ കോടതി; മരിച്ച് ജീവിച്ച് 63കാരന്‍

കോണ്‍സ്റ്റാന്റിന്‍ റെല്യൂ

കോണ്‍സ്റ്റാന്റിന്‍ റെല്യൂ എന്ന റൊമാനിയക്കാരനായ 63കാരനാണ് താന്‍ മരിച്ചിട്ടില്ലെന്ന് തെളിയിക്കേണ്ട ഗതികേടില്‍ ജീവിക്കുന്നത്. തുര്‍ക്കിയില്‍ 20 വര്‍ഷം പാചകക്കാരനായി ജോലി ചെയ്തയാളാണ് റെല്യൂ. ഒടുവില്‍ സ്വന്തം നാട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹം ഞെട്ടിപ്പോയത്. ജന്മനാട്ടിലെ രേഖകളില്‍ ഇപ്പോള്‍ ഇങ്ങനെയൊരു മനുഷ്യന്‍ ജീവിച്ചിരുപ്പില്ല. സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് കണ്ടതിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെ മോചിതനായിട്ടില്ല കോണ്‍സ്റ്റാന്റിന്‍ റെല്യൂ.

മരിച്ചുവെന്ന് രേഖകളിലുള്ള ഒരു മനുഷ്യന് സമൂഹത്തില്‍ പിന്നെ എല്ലാ അവകാശങ്ങളോടെയും ജീവിക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ താന്‍ ജീവിച്ചിരിക്കുന്നുവെന്ന് കാണിച്ച് ഇദ്ദേഹം കോടതിയെ സമീപിച്ചു. എന്നാല്‍ ഇദ്ദേഹത്തിന്റെ സത്യവാങ്മൂലം നിഷ്‌കരുണം തള്ളിയ കോടതി മരണ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.

സോറി ഏറെ വൈകിപ്പോയി ഇനി മരണ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. വിധി അന്തിമമാണെന്നു കോടതി അറിയിച്ചു. ഇതോടെ ഇനി എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് റെല്യൂ എന്ന വയോധികന്‍.

തന്റെ ഭാര്യ തന്നെയാണ് താന്‍ ജീവിച്ചിരിപ്പില്ല എന്ന് പറഞ്ഞ് തന്റെ മരണ സര്‍ട്ടിഫിക്കറ്റ് ഇണ്ടാക്കിയതെന്ന് കൂടി അറിഞ്ഞപ്പോള്‍ ഇയാള്‍ തകര്‍ന്നുപോയി. 1992ല്‍ തുര്‍ക്കിയില്‍ ജോലിക്ക് പോയ ശേഷം മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ ഇദ്ദേഹം തിരിച്ചു പോവുകയായിരുന്നു.

പിന്നീട് രേഖകള്‍ ഇല്ലാത്തതായി കണ്ടുപിടിച്ചതിനെത്തുടര്‍ന്ന് തുര്‍ക്കിയില്‍ നിന്ന് അധികൃതര്‍ ഇദ്ദേഹത്തെ സ്വന്തം നാട്ടിലേക്ക് തന്നെ തിരികെയയച്ചു. ഇങ്ങനെ മടങ്ങിയെത്തിയപ്പോഴാണ് താന്‍ ഇപ്പോള്‍ നാട്ടില്‍ മരിച്ച വ്യക്തിയാണെന്ന് റെല്യൂ മനസിലാക്കുന്നത്. താന്‍ ഭാര്യയ്ക്ക് യാതൊരു ദ്രോഹവും ചെയ്യാതിരുന്നിട്ടും അവര്‍ എന്തുകൊണ്ടാണ് തന്റെ മരണ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്ന സങ്കടത്തിലാണ് ഇയാള്‍.

മരിച്ചയാള്‍ക്ക് എവിടെയും ജോലി കിട്ടില്ല. അതുകൊണ്ടു തന്നെ ജീവിക്കാന്‍ എങ്ങനെ വരുമാനം കണ്ടെത്തുമെന്ന് അറിയില്ല. ഞാനിപ്പോള്‍ ജീവിച്ചിരിക്കുന്ന പ്രേതമാണെന്ന് റെല്യൂ മാധ്യമങ്ങളോട് പറഞ്ഞു. ഇറ്റലിയിലാണ് ഇദ്ദേഹത്തിന്റെ ഭാര്യ ഇപ്പോള്‍ കഴിയുന്നത്. ഇവര്‍ പിന്നീട് വിവാഹിതയായോ എന്ന കാര്യം വ്യക്തമല്ല. ജീവിച്ചിരിക്കുന്നവെന്ന് തെളിയിക്കാന്‍ പുതിയ ഹര്‍ജി നല്‍കണം. എന്നാല്‍ അതിനുള്ള പണം എങ്ങനെ കണ്ടെത്തണമെന്ന് റെല്യൂവിനറിയില്ല.

DONT MISS
Top