പിഎസ് ശ്രീധരന്‍പിള്ള വെള്ളാപ്പള്ളി കൂടിക്കാഴ്ച ഫലം കണ്ടില്ല; ബിഡിജെഎസിനെ അനുനയിപ്പിക്കാനുള്ള ബിജെപി ശ്രമത്തിന് തിരിച്ചടി

വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്‍പ് ബിഡിജെഎസിനെ അനുനയിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന് തിരിച്ചടി. പിഎസ് ശ്രീധരന്‍പിള്ള വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. പെട്ടെന്നൊന്നും പ്രശ്‌നങ്ങള്‍ തീരാന്‍ സാധ്യതയില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. എന്നാല്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുന്നതിന് മുന്‍പ് ബിഡിജെഎസ്സിന്റെ പരാതി പരിഹരിക്കാനൊരുങ്ങുകയാണ് ബിജെപി.

ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മുന്നണിയില്‍ നിസഹകരണം തുടരുന്ന സാഹചര്യത്തിലായിരുന്നു വെള്ളാപ്പള്ളി നടേശന്‍ വഴി ബിജെപി അനുരജ്ഞന നീക്കത്തിന് ശ്രമിച്ചത്. ചെങ്ങന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍പിള്ളയും വെള്ളാപ്പള്ളി നടേശനും മാവേലിക്കരയിലാണ് കൂടിക്കാഴ്ച നടത്തിയത്. ബിഡിജെഎസ്സിന്റെ നിസഹകരണം അവസാനിപ്പിക്കണമെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ ആവശ്യം. ബിഡിജെഎസിന് നല്‍കിയിരിക്കുന്ന വാഗ്ദാനങ്ങള്‍ എത്രയും വേഗം പാലിക്കുമെന്ന ഉറപ്പും ശ്രീധരന്‍പിള്ള നല്‍കി. അതേസമയം ബിജെപി തങ്ങളെ പറഞ്ഞു പറ്റിക്കുകയാണെന്ന് വെള്ളാപ്പള്ളി ആവര്‍ത്തിച്ചതോടെ അനുരജ്ഞന നീക്കം പാളുകയായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിനെതിരായ വിമര്‍ശനം വെള്ളാപ്പള്ളി വീണ്ടും തുടര്‍ന്നു.

കൂടിക്കാഴ്ചക്ക് ശേഷം പ്രതീക്ഷ കൈവിടാതെയായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്‍പുതന്നെ ബിഡിജെഎസ്സിന്റെ പരാതി പരിഹരിച്ച് ബിഡിജെഎസ്സിന്റെ സാന്നിദ്ധ്യം മുന്നണിയില്‍ ഉറപ്പിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. എന്നാല്‍ ഇതിനെതിരെ ബിജെപിയിലെ ചില സംസ്ഥാന നേതാക്കളുടെ അതൃപ്തി കേന്ദ്ര നേതൃത്വം എങ്ങനെ നേരിടും എന്നതും ശ്രദ്ധേയമാണ്.

DONT MISS
Top