കീഴാറ്റൂര്‍ ബൈപാസ്: സമരസമിതി നേതാവും കൂട്ടരും ആത്മപരിശോധന നടത്തേണ്ടതുണ്ടെന്ന് പി ജയരാജന്‍

ജയരാജന്‍ കീഴാറ്റൂരില്‍

കൊച്ചി: കീഴാറ്റൂര്‍ ബൈപാസുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങളില്‍ സമരസമിതി നേതാവ് സുരേഷും കൂട്ടരും ഇപ്പോള്‍ ആത്മപരിശോധന നടത്തണമെന്ന് കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്‍. ഇന്നലെ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ജയരാജന്‍ പ്രദേശം സന്ദര്‍ശിച്ചിരുന്നു. നേരത്തെ സുരേഷ് തന്നെ വന്നുകണ്ടിരുന്നെന്നും കീഴാറ്റൂര്‍ വയല്‍പ്രദേശം ഒഴിവാക്കി പ്ലാത്തോട്ടം വയല്‍ക്കര മേഖലയിലൂടെ ബൈപ്പാസ് പോകുകയാണെങ്കില്‍ തങ്ങള്‍ക്ക് സമ്മതമാണെന്നാണ് അറിയിക്കുകയും ചെയ്തിരുന്നെന്നും ജയരാജന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ പ്ലാത്തോട്ടം മേഖലയില്‍ നിരവധി വീടുകള്‍ ഒഴിപ്പിക്കേണ്ടി വരുമെന്നതിനാല്‍ ആ നിര്‍ദ്ദേശം ശരിയല്ലെന്ന് താന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നതായും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

ഇന്നലെ കീഴാറ്റൂരില്‍ ബൈപ്പാസിന് വേണ്ടി സര്‍വേ നടത്തി കല്ലിട്ട പ്രദേശം പാര്‍ട്ടി നേതാക്കള്‍ സന്ദര്‍ശിക്കുകയുണ്ടായി. തിരിച്ചു വരുമ്പോള്‍ ബൈപ്പാസ് വിരുദ്ധ സമരത്തിന്റെ നേതാവ് ശ്രീ സുരേഷ് കീഴാറ്റൂരിനെ കണ്ടു, സംസാരിച്ചു.

അദ്ദേഹത്തെ കണ്ടപ്പോളാണ് എനിക്ക് മുന്‍പ് പ്രശ്‌നം അവസാനിപ്പിക്കുന്നതിന് വേണ്ടി അദ്ദേഹം മുന്നോട്ട് വെച്ച നിര്‍ദേശം ഓര്‍മ്മ വന്നത്. തിരുവനന്തപുരത്ത് മന്ത്രിതല ചര്‍ച്ചയെ തുടര്‍ന്ന് അവിടത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഞങ്ങള്‍ തമ്മില്‍ ധാരണയായിരുന്നു. അതിന്റെ ഭാഗമായാണ് ഉന്നതതല സംഘം വയല്‍പ്രദേശം സന്ദര്‍ശിച്ചത്.

അതിനിടയില്‍ ഒരു ദിവസം രാത്രി 10 മണിക്ക് സുരേഷ്, സിപിഐ(എം) കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ വന്ന് എന്നെ കണ്ടിരുന്നു. കീഴാറ്റൂര്‍ വയല്‍പ്രദേശം ഒഴിവാക്കി പ്ലാത്തോട്ടം വയല്‍ക്കര മേഖലയുടെ ബൈപ്പാസ് പോകുകയാണെങ്കില്‍ ഞങ്ങള്‍ക്ക് സമ്മതമാണെന്നാണ് അദ്ദേഹം അറിയിച്ചത്. പക്ഷെ പ്ലാത്തോട്ടം മേഖലയില്‍ നിരവധി വീടുകള്‍ ഒഴിപ്പിക്കേണ്ടി വരും. അതുകൊണ്ട് ഞാന്‍ ആ നിര്‍ദേശം ശരിയല്ലെന്നാണ് അദ്ദേഹത്തോട് പറഞ്ഞത്.

ഇപ്പോള്‍ സുരേഷും കൂട്ടരും ആത്മപരിശോധന നടത്തേണ്ടതുണ്ട്. സര്‍വേ പൂര്‍ത്തിയായതോടെ വീടുകള്‍ പരമാവധി ഒഴിവാക്കിയാണ് അലൈന്മെന്റ് എന്ന് വ്യക്തമായി. അതിനാല്‍ അവര്‍ നടത്തുന്ന സമരത്തില്‍ നിന്ന് പിന്‍വങ്ങണം എന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു. പ്ലാത്തോട്ടം മേഖലയിലെ ജനങ്ങള്‍ കൂടി സുരേഷിനോട് ഈ അഭ്യര്‍ത്ഥന നടത്തണം എന്നാണ് എനിക്ക് പറയാനുള്ളത്, ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top