ഭൂമി ഇടപാട്: പാസ്റ്ററല്‍ കൗണ്‍സിലില്‍ കര്‍ദിനാളിനെതിരെ രൂക്ഷവിമര്‍ശനം

മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ഭൂമി ഇടപാടില്‍ സഭാ നേതൃത്വം ജാഗ്രത കാണിച്ചില്ലെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കര്‍ശന നിലപാടെടുത്ത പിപി ജെരാര്‍ദിനെ പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിവാദമായശേഷം ആദ്യമായാണ് വിശ്വാസികളുടെ ഉന്നതസമിതിയായ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. അതിരൂപതയുടെ ഭൂമി ഇടപാട് യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു. 120 അല്‍മായ പ്രതിനിധികളും 60 വൈദികരും ഉള്‍പ്പെടുന്ന പാസ്റ്ററല്‍ കൗണ്‍സിലില്‍ കര്‍ദിനാള്‍വിരുദ്ധ പക്ഷത്തിനാണ് മേല്‍ക്കൈ ലഭിച്ചത്.

ഭൂമിയിടപാട് വിവാദം ഫാദര്‍ പോള്‍ തേലക്കാട് യോഗത്തില്‍ അവതരിപ്പിച്ചു. ഭൂമി ഇടപാടില്‍ വൈദികസമിതി നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങളും കാനോനിക നിയമങ്ങള്‍ ലംഘിക്കപ്പെട്ടതും ഫാദര്‍ ബെന്നി മാരാംപറമ്പില്‍ പാസ്റ്ററല്‍ കൗണ്‍സിലിനെ അറിയിച്ചു. ഭൂമി ഇടപാടിലുണ്ടായ നഷ്ടവും എറണാകുളം അങ്കമാലി അതിരൂപതയുടെ സാമ്പത്തിക സ്ഥിതിയും പ്രൊക്യുറേറ്റര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ മാണിക്യത്താന്‍ പാസ്റ്ററല്‍ കൗണ്‍സിലില്‍ വെച്ചു. ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു. സഭാ നേതൃത്വം വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്നാണ് പ്രധാന ആക്ഷേപം.

സഹായമെത്രാന്മാരായ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റേയും ജോസ് പുത്തന്‍വീട്ടിലിന്റെയും സാന്നിധ്യത്തിലായിരുന്നു യോഗം.

DONT MISS
Top