പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ചേരുന്നു, കര്‍ദിനാള്‍ പദവി ഒഴിയണമെന്ന പ്രമേയം അവതരിപ്പിച്ചേക്കും

മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: വിവാദമായ ഭൂമി ഇടപാടിന്റെ പശ്ചാത്തലത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ചേരുന്നു. കൊച്ചി കലൂര്‍ റിന്യൂവല്‍ സെന്ററിലാണ് യോഗം ചേരുന്നത്. ഭൂമി ഇടപാട് വിവാദത്തിന് ശേഷം ആദ്യമായാണ് പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ചേരുന്നത്. രൂപതയിലെ വിശ്വാസികളുടെ ഉയര്‍ന്ന സമിതിയാണ് പാസ്റ്ററല്‍ കൗണ്‍സില്‍.

സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പദവി ഒഴിയണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യോഗത്തില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

ഭൂമി വിവാദത്തില്‍ കര്‍ദിനാളിനാള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഇത് കര്‍ദിനാളിന് വലിയ ആശ്വാസം നല്‍കുന്നുണ്ട്.

അതേസമയം, ഭൂമി വിവാദം സഭയിലെ വിശ്വാസികളെയും വൈദികരെയും രണ്ട് തട്ടിലാക്കിയിരിക്കുകയാണ്. കര്‍ദിനാളിനെയും സഹായമെത്രാന്‍ എടയന്ത്രത്തിനെയും അനുകൂലിച്ചാണ് ഈ ചേരിതിരിവ് രൂപപ്പെട്ടിരിക്കുന്നത്.
മാര്‍ ആലഞ്ചേരിയെ സമ്മര്‍ദത്തിലാക്കാന്‍ കരുനീക്കം നടത്തിയത് രൂപതയിലെ സീനിയര്‍സഹായമെത്രാനായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ആണെന്നാണ് ഒരു വിഭാഗം വിശ്വാസികളുടെ ആരോപണം. മാര്‍ എടയന്ത്രത്തിനെതിരേ നടപടിയാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഇവര്‍.

മാര്‍ എടയന്ത്രത്തിന്റെ മാതൃ ഇടവകയായ വൈക്കം ഫൊറാനപള്ളിയിലെ ഒരു വിഭാഗം വിശ്വാസികള്‍ പുതിയ സംഘടന രൂപീകരിച്ച് മാര്‍ ആലഞ്ചേരിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്. സീറോ മലബാര്‍ കാത്തലിക്ക് ഫോറം എന്ന സംഘടനയാണ് അല്‍മായര്‍ രൂപീകരിച്ചത്. കര്‍ദിനാള്‍ ആലഞ്ചേരിക്കൊപ്പം തങ്ങള്‍ ഉറച്ചുനില്‍ക്കുമെന്ന് ഇതിന്റെ കണ്‍വീനര്‍ ജോസി വൈക്കം പറഞ്ഞു.

DONT MISS
Top