കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസം: കോണ്‍ഗ്രസും സിപിഐഎമ്മും പിന്തുണയ്ക്കും

ചന്ദ്രബാബു നായിഡു, നരേന്ദ്ര മോദി

ദില്ലി: തെലുഗുദേശം പാര്‍ട്ടി എന്‍ഡിഎ സഖ്യം വിട്ടതിന് പിന്നാലെ പാര്‍ലമെന്റില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ പടയൊരുക്കും. ടിഡിപിയും ആന്ധ്രയിലെ പ്രതിപക്ഷകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസും നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. അതേസമയം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു.

2014 ല്‍ അധികാരത്തില്‍ വന്ന നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയമാണിത്. സിപിഐഎം, കോണ്‍ഗ്രസ് പാര്‍ട്ടികളും അവിശ്വാസപ്രമേയ നീക്കത്തെ പിന്തുണയ്ക്കുമെന്നാണ് വിവരം. പ്രമേയം അവതരിപ്പിക്കാനുള്ള അനുമതിക്ക് 50 അംഗങ്ങളുടെ പിന്തുണ വേണം. അവിശ്വാസപ്രമേയത്തെ എല്ലാപ്രതിപക്ഷപാര്‍ട്ടികളും പിന്തുണയ്ക്കണമെന്ന് ടിഡിപി ആവശ്യപ്പെട്ടു.

എന്നാല്‍ പ്രതിപക്ഷപാര്‍ട്ടികളെല്ലാം ഒന്നിച്ച് നിന്നാലും ബിജെപി സര്‍ക്കാരിന് തത്കാലം ഭീഷണിയില്ല. ലോക്‌സഭയില്‍ ബിജെപിക്ക് ഇപ്പൊഴും തനിച്ച് കേവലഭൂരിപക്ഷം ഉണ്ട്. കൂടാതെ മറ്റ് സഖ്യകക്ഷികളുടെ പിന്തുണയും ഉണ്ട്. അതിനാല്‍ അവിശ്വാസപ്രമേയം പാസാകാന്‍ പോകുന്നില്ല. എന്നാല്‍ പ്രതിപക്ഷഐക്യം രൂപപ്പെടുന്നത് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയാകും.

ഇന്ന് രാവിലെ ചേര്‍ന്ന ടിഡിപി പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് എന്‍ഡിഎ സഖ്യം വിടുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. ആന്ധ്ര മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവാണ് എന്‍ഡിഎ മുന്നണി വിടാനുള്ള തീരുമാനം പാര്‍ട്ടി എംപിമാരെ അറിയിച്ചത്. ലോക്‌സഭയില്‍ 16 ഉം രാജ്യസഭയില്‍ ആറും അംഗങ്ങളാണ് ടിഡിപിയ്ക്ക് ഉള്ളത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ ടിഡിപിയുടെ എംപിമാരുമായും ചന്ദ്രബാബു നായിഡു ചര്‍ച്ച നടത്തി. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നടപടികളെകുറിച്ചും എംപിമാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതായാണ് വിവരം.

അതേസമയം ടിഡിപിയുടെ തീരുമാനത്തെ ബിജെപി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാരിനെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് ടിഡിപിയുടെ തീരുമാനമെന്ന് ബിജെപി പ്രതികരിച്ചു.

ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി എന്ന വാഗ്ദാനം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ടിഡിപി എന്‍ഡിഎയുമായുള്ള സഖ്യം അവസാനിപ്പിച്ചിരിക്കുന്നത്. അടുത്തിടെ കേന്ദ്രബജറ്റിലെ അവഗണനയില്‍ ഇടഞ്ഞുനില്‍ക്കുകയായിരുന്നു ടിഡിപി. സംസ്ഥാനത്തിന് പ്രത്യേക പദവി അനുവദിക്കില്ലെന്ന കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അടുത്തിടെ പ്രസ്താവന നടത്തിയതോടെ എന്‍ഡിഎ-ടിഡിപി വേര്‍പിരിയല്‍ പൂര്‍ണമാവുകയായിരുന്നു. കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് മാര്‍ച്ച് എട്ടിന് പാര്‍ട്ടിയുടെ കേന്ദ്രമന്ത്രിമാരായിരുന്ന അശോക് ഗജപതി രാജു, വൈഎസ് ചൗധരി എന്നിവര്‍ രാജിവെച്ചിരുന്നു. ഇരുവരും രാജിവെച്ചെങ്കിലും എന്‍ഡിഎ മുന്നണി തത്കാലം വിടില്ലെന്നായിരുന്നു പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു അന്ന് വ്യക്തമാക്കിയത്. എന്നാല്‍ ഇന്ന് ചേര്‍ന്ന അടിയന്തരയോഗത്തില്‍ ബിജെപി ബന്ധം ഉപേക്ഷിക്കാന്‍ ടിഡിപി തീരുമാനിക്കുകയായിരുന്നു.

DONT MISS
Top