സൂപ്പര്‍കപ്പ് യോഗ്യതാ മത്സരം: കിസേക്കയുടെ ഇരട്ട ഗോളില്‍ നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് ഗോകുലം

ഗോകുലം താരങ്ങള്‍

ഭുവനേശ്വര്‍: സൂപ്പര്‍ കപ്പിനുള്ള യോഗ്യതാ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഗോകുലം എഫ്‌സി. ഹെന്റി കിസേക്കയുടെ ഇരട്ട ഗോളുകളാണ് ഗോകുലത്തിന് വിജയം സമ്മാനിച്ചത്.

ഐഎസ്എല്‍ ടീമായ നോര്‍ത്ത് ഈസ്റ്റിനെതിരെ 43, 74 മിനുട്ടുകളിലായിരുന്നു കിസേക്കയുടെ തകര്‍പ്പന്‍ ഗോള്‍ പിറന്നത്. നോര്‍ത്ത് ഈസ്റ്റിന് ഒരു ഗോള്‍ പോലും നേടാനായില്ല. നോക്കൗട്ട് മത്സരത്തില്‍ കരുത്തരായ ബംഗളുരു എഫ്‌സിയാണ് ഗോകുലത്തിന്റെ എതിരാളികള്‍. കേരള ബ്ലാസ്‌റ്റേഴ്‌സിന് പുറമെ ഗോകുലം കൂടി പ്രഥമ സൂപ്പര്‍കപ്പിന് യോഗ്യത നേടിയപ്പോള്‍ കേരളത്തിന് അത് ഇരട്ടി മധുരമാണ്. ഏപ്രില്‍ ഒന്നിന് ബംഗളുരുവുമായാണ് ഗോകുലത്തിന്റെ ആദ്യമത്സരം. സൂപ്പര്‍കപ്പില്‍ നേരിട്ട് യോഗ്യത നേടിയ കേരളാ ബ്ലാസ്‌റ്റേഴ്‌സ് നേരിടേണ്ടത് ഐലീഗിലെ രണ്ടാം സ്ഥാനക്കാരായ നെറോക്ക എഫ്‌സിയെയാണ്.

സൂപ്പര്‍ കപ്പ് എന്ന ഈ ഫുട്‌ബോള്‍ ഉത്സവം ഒരു ലീഗല്ല. ഒരു നോക്കൗട്ട് ടൂര്‍ണമെന്റ്. അതായത് ഒരു കളി തോറ്റാല്‍ പുറത്ത്. ഐഎസ്എല്ലില്‍നിന്നും ഐലീഗില്‍നിന്നും ആദ്യ ആറ് സ്ഥാനത്തെത്തുന്ന ടീമുകളാണ് നേരിട്ട് പ്രവേശിക്കുക. ബാക്കിയുള്ള നാല് ഐഎസ്എല്‍ ടീമുകളും നാല് ഐലീഗ് ടീമുകളും തമ്മില്‍ ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്ന നാല് ടീമുകള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയും ചെയ്യും. അങ്ങനെ മൊത്തം പതിനാറ് ടീമുകള്‍. ഇവര്‍ എട്ട് ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടുകയും അതില്‍ എട്ട് ടീമുകള്‍ അവശേഷിക്കുകയും ചെയ്യും. പിന്നീട് ഈ എട്ട് ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടി നാല് ടീമുകളാവുകയും ഈ കളികളില്‍ ജയിക്കുന്നവര്‍ ഫൈനലിസ്റ്റുകളാവുകയും ചെയ്യും.

ഇത്തരത്തില്‍ ഐഎസ്എല്ലിലും ഐലീഗിലും അവസാന നാല് സ്ഥാനത്ത് എത്തിയവര്‍ തമ്മിലുള്ള ഷെഡ്യൂള്‍ അനുസരിച്ച് കേരളത്തിന്റെ ഐലീഗ് ടീമായ ഗോകുലം എഫ്‌സി ഇപ്പോള്‍ ഐഎസ്എല്‍ ടീമായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി ആദ്യഘട്ട യോഗ്യത നേടിക്കഴിഞ്ഞു. രണ്ടാം ഘട്ട ഷെഡ്യൂളില്‍ ഏപ്രില്‍ ഒന്നിന് ബംഗളുരു എഫ്‌സി ഗോകുലത്തെ നേരിടും. ആറാം തീയതിയാണ് ബ്ലാസ്റ്റേഴ്‌സ്-നെറോക്ക എഫ്‌സി പോരാട്ടം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top