ചെങ്ങന്നൂരില്‍ പിഎസ് ശ്രീധരന്‍ പിള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി

പിഎസ് ശ്രീധരന്‍ പിള്ള

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി ബിജെപിയുടെ ദേശീയനിര്‍വാഹകസമിതി അംഗം പിഎസ് ശ്രീധരന്‍ പിള്ള മത്സരിക്കും. ബിജെപി കേന്ദ്രതെരഞ്ഞെടുപ്പ് സമിതിയാണ് ശ്രീധരന്‍ പിള്ളയുടെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ശ്രീധരന്‍ പിള്ളയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നേരത്തെ തന്നെ വ്യക്തത ഉണ്ടായിരുന്നെങ്കിലും ഇന്നാണ് ഔദ്യോഗിക പ്രഖ്യാപനം നടക്കുന്നത്.

ഇതോടെ ചെങ്ങന്നൂരില്‍ മൂന്ന് മുന്നണികളുടെയും ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായി. എല്‍ഡിഎഫിനായി സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനും യുഡിഎഫിനായി കെപിസിസി എക്സിക്യൂട്ടീവ് അംഗം ഡി വിജയകുമാറുമാണ് കളത്തിലിറങ്ങുന്നത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ മൂന്ന് സ്ഥാനാര്‍ത്ഥികളും തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ആരംഭിച്ചിരുന്നു.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 42, 000 ല്‍ പരം വോട്ടുകള്‍ നേടിയതാണ് ശ്രീധരന്‍ പിള്ളയെ വീണ്ടും പരിഗണിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ യുഡിഎഫുമായി വെറും 2000 ത്തോളം വോട്ടുകളുടെ വ്യത്യാസം മാത്രമാണ് ബിജെപിതക്ക് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ ഇത്തവണ ഒരു അട്ടിമറി വിജയം സ്വന്തമാക്കാന്‍ ശ്രീധരന്‍ പിള്ളയ്ക്ക് കഴിയുമെന്നാണ് ബിജെപി കേന്ദ്ര-സംസ്ഥാനനേതൃത്വങ്ങള്‍ കണക്കുകൂട്ടുന്നത്.

അതേസമയം, സഖ്യകക്ഷിയായ ബിഡിജെഎസിന്റെ നിലപാട് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ബിജെപി. തെരഞ്ഞെടുപ്പില്‍ ബിജെപിയുമായുി സഹകരിക്കില്ലെന്ന് ബിഡിജെഎസ് സംസ്ഥാനഅധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത ബോര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ഇതുവരെയും നല്‍കാത്തതാണ് ബിഡിജെഎസിനെ ചൊടിപ്പിച്ചിരിക്കുന്നത്. മണ്ഡലത്തില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് ബിഡിജെഎസ്.

DONT MISS
Top