യുഡിഎഫ് മന്ത്രിമാരെ പോലെയല്ല എല്‍ഡിഎഫ് മന്ത്രിമാര്‍, അവര്‍ കൈക്കൂലി വാങ്ങുന്നില്ല; ശമ്പളവര്‍ധനവിനെ പരിഹസിച്ച് അഡ്വക്കേറ്റ് എ ജയശങ്കര്‍

അഡ്വക്കേറ്റ് എ ജയശങ്കര്‍

കൊച്ചി: എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം വര്‍ധിപ്പിക്കാനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെ പരിഹാസവുമായി അഡ്വക്കേറ്റ് എ ജയശങ്കര്‍. യുഡിഎഫ് മന്ത്രിമാരെ പോലെയല്ല എല്‍ഡിഎഫ് മന്ത്രിമാര്‍, അവര്‍ കൈക്കൂലി വാങ്ങുന്നില്ല, അതുകൊണ്ട് തന്നെ സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന 52,000 രൂപ കൊണ്ട് കുടുംബം പുലര്‍ത്താന്‍ കഴിയില്ലെന്നും ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മന്ത്രിമാരുടെ ശമ്പളം അമ്പതിനായിരത്തില്‍നിന്ന് 90300 ഉം, എംഎല്‍എമാരുടെ ശമ്പളം 62000 ആക്കാനുമാണ് നിര്‍ദേശം. ബില്‍ ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും. സാമാജികരുടെ ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ട് നിയമിച്ച ജയിംസ് കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ശമ്പള പരിഷ്‌കരണ ബില്ലിന് രൂപം നല്‍കിയിരിക്കുന്നത്. എന്നാല്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അതേപടി അനുസരിച്ചല്ല ബില്‍ തയ്യാറാക്കിയിട്ടുള്ളത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

മുണ്ടു മുറുക്കി ഉടുക്കണം. കാശില്ല, ഖജനാവ് കാലിയാണ്.

യുഡിഎഫ് മന്ത്രിമാരെ പോലെയല്ല എല്‍ഡിഎഫ് മന്ത്രിമാര്‍. അവര്‍ കൈക്കൂലി വാങ്ങുന്നില്ല. സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന 52,000 രൂപ കൊണ്ട് കുടുംബം പുലര്‍ത്താന്‍ കഴിയില്ല. അതുകൊണ്ട് ശമ്പളം കൂട്ടണം 90,300 ആയി നിജപ്പെടുത്താം.

മന്ത്രിമാരേക്കാള്‍ കഷ്ടമാണ് എംഎല്‍എമാരുടെ കാര്യം. അവര്‍ക്ക് വെറും 39,000 രൂപയേ കിട്ടുന്നുളളൂ. അത് 62,000 രൂപയാക്കി പരിഷ്‌കരിക്കണം. യുഡിഎഫ് മന്ത്രിമാര്‍ ഉപയോഗിച്ച പഴഞ്ചന്‍ കാറുകള്‍ നമ്മുടെ മന്ത്രിമാര്‍ ഉപയോഗിക്കുന്നത് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തന്നെ അപമാനമാണ്. അതുകൊണ്ട് കാറും മാറ്റി. പുത്തന്‍ ഇന്നോവ ക്രിസ്റ്റ 25 എണ്ണം ഒന്നിച്ചു വാങ്ങി. വലിയ വിലയൊന്നുമില്ല ഒന്നിന് 26 ലക്ഷം മാത്രം.

ഇതൊക്കെ വലിയ ആഡംബരമോ ധൂര്‍ത്തോ അല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആസ്തിക്കും മന്ത്രിമാരുടെ പ്രശസ്തിയും പരിഗണിക്കുമ്പോള്‍ ഇന്നോവ തീരെ പോരാ, ബെന്‍സോ ഓഡിയോ വാങ്ങാമായിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ സിന്ദാബാദ്!
മിതവ്യയശീലം സിന്ദാബാദ്!!

DONT MISS
Top