മോദിയുടെ തട്ടിപ്പ് നടന്ന പിഎന്‍ബി ബ്രാഡി ഹൗസ് ശാഖയില്‍ വീണ്ടും തട്ടിപ്പ്; പരാതി സിബിഐക്ക്

പിഎന്‍ബി ബ്രാഡി ഹൗസ് ശാഖ

മുംബൈ: വജ്രവ്യാപാരി നീരവ് മോദിക്ക് ദശകോടിക്കണക്കിന് രൂപയുടെ തട്ടിപ്പിന് അവസരമൊരുക്കിക്കൊടുത്ത പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ബ്രാഡി ഹൗസ് ശാഖയില്‍ വീണ്ടും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്. മുംബൈയിലെ ചാന്ദ്നി പേപ്പേഴ്സ് എന്ന കമ്പനി 9.9 കോടിയുടെ വായ്പ തിരിച്ചടച്ചില്ലെന്ന് ബാങ്ക് അധികൃതര്‍ സിബിഐക്ക് പരാതി നല്‍കി.

പ്രമുഖ വജ്രവ്യാപാരി നീരവ് മോദി 11,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതും ബ്രാഡി ഹൗസ് ശാഖയിലാണ്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നീരവ് മോദിയുയെയും അമ്മാവൻ മെഹൂൽ ചോക്സിയുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങിയിരുന്നു. ക്രമക്കേടിന് സൗകര്യം ചെയ്തുകൊടുത്ത സംഭവത്തില്‍ ബാങ്കിലെ പത്തിലധികം ഉദ്യഗോസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരേ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്.  ഇതിന് പിന്നാലെയാണ് ഇതേബാങ്ക് ശാഖയില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ മറ്റൊരു തട്ടിപ്പിന്റെ പരാതിയുമെത്തിയിരിക്കുന്നത്.

ബയേഴ്‌സ് ക്രെഡിറ്റ് സംവിധാനം ഉപയോഗിച്ചാണ് 11000 കോടിയിലധികം കോടി രൂപതട്ടിച്ച് നീരവ് മോദി രാജ്യം വിട്ടത്. സ്വന്തം പേരിലും സഹോദരന്റെയും ഭാര്യയുടെയും അമ്മാവന്റെയും പേരിലും നീരവ് മോദി, പിഎന്‍ബിയുടെ മുംബൈ ഫോര്‍ട്ടിലെ വീര്‍ നരിമാന്‍ റോഡ് ബ്രാഡി ഹൗസിലെ ശാഖയെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയ കേസില്‍ സിബിഐ അന്വേഷണം നടത്തിയപ്പോഴാണ് 2011 മുതല്‍ ബയേഴ്‌സ് ക്രെഡിറ്റ് സംവിധാനം ഉപയോഗപ്പെടുത്തി മോദി വന്‍ വെട്ടിപ്പ് നടത്തിയ വിവരം പുറത്തുവന്നത്.

വന്‍കിട ബിസിനസുകാര്‍ക്ക് ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിന് സൗകര്യം ഒരുക്കിക്കൊടുക്കുന്ന സംവിധാനമാണ് ബയേഴ്‌സ് ക്രെഡിറ്റ് (ലെറ്റര്‍ ഓഫ് കംഫര്‍ട്ട്). ഈ സംവിധാനം ഉപയോഗിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ജാമ്യത്തില്‍ വിദേശബാങ്കുകളില്‍ നിന്ന്വന്‍തോതില്‍ നീരവ് മോദി പണം പിന്‍വലിച്ചതോടെ പണത്തിന്റെ ഉത്തരവാതിത്തം പിഎന്‍ബിക്ക് വന്നതാണ് തട്ടിപ്പിന്റെ അടിസ്ഥാനം. പണം പിന്‍വലിച്ച മോദി ജനുവരി ആദ്യം തന്നെ കുടുംബത്തോടൊപ്പംരാജ്യം വിടുകയായിരുന്നു.

മോദിയുടേത് അടക്കമുള്ള സമാനമായ തട്ടിപ്പ് സംഭവങ്ങള്‍ വിവിധ ബാങ്കുകളില്‍ നിന്ന് പുറത്തുവന്നതിനെ തുടര്‍ന്ന് ബയേഴ്‌സ് ക്രെഡിറ്റ് സൗകര്യങ്ങള്‍ അനുവദിക്കുന്നതിന് റിസര്‍വ് ബാങ്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

DONT MISS
Top