തേനിയിലെ കാട്ടു തീ: വിദ്യാര്‍ത്ഥികളെ ട്രക്കിംഗിന് എത്തിച്ച ട്രക്കിംഗ് ക്ലബ്ബ് ഗൈഡിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തമിഴ്‌നാട് കൊരങ്ങണി മലയില്‍ കാട്ടുതീയില്‍ അകപ്പെട്ട് പന്ത്രണ്ട് പേര്‍ വെന്ത് മരിക്കാന്‍ ഇടയായ സംഭവത്തില്‍ വിനോദ സഞ്ചാരികളെ ട്രക്കിംഗിന് ഇവിടേയ്ക്ക് എത്തിച്ച ചെന്നൈ ട്രക്കിംഗ് ക്ലബ്ബ് ഗൈഡ് പ്രഭുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈറോഡ് ചെന്നിമലയില്‍ നിന്നുമാണ് ഇയാളെ തേനി പൊലീസ് അറസ്റ്റ് ചെയ്തത്.

ചെന്നൈ ട്രക്കിംഗ് ക്ലബ്ബിന്റെ നടത്തിപ്പുകാരനായ പീറ്റര്‍ നിലവില്‍ ഒളവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചിലും പൊലീസ് ശക്തമാക്കിയിട്ടുണ്ട്. സംഭവം നടന്നതിന് പുറകേ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനം അനധികൃതമാണെന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്.

നിലവില്‍ സംഭവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ തമിഴ്‌നാട് റവന്യൂ പ്രിന്‍സിപ്പള്‍ സെക്രട്ടറി ഡോ അതുല്യ മിശ്രയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ച്ച ഉണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തേനി റെയിഞ്ച് ഓഫിസറെ സസ്‌പെന്റ് ചെയ്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്കും സാധ്യതയുണ്ട്.

തേനിയിലെ കുളുക്ക് മലയിലുണ്ടായ കാട്ടുതീയില്‍ പന്ത്രണ്ട് പേര്‍ മരണപ്പെട്ടതായാണ് വിവരം. വിനോദയാത്രക്ക് എത്തിയ കോയമ്പത്തൂര്‍ കോളെജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.

DONT MISS
Top