‘അല്ല അറിയാന്‍ പാടില്ലാത്തോണ്ട് ചോദിക്കാ ക്യാമറ ഓണാക്കിയിട്ടല്ലേ ഷൂട്ട് ചെയ്തത്; പൂമരത്തിനെ ട്രോളി സോഷ്യല്‍ മീഡിയ

കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ ഒരുക്കുന്ന മലയാള ചിത്രം ‘പൂമര’ത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ചിത്രം മാര്‍ച്ച് 15ന് തിയേറ്ററുകളിലെത്തുമെന്ന വിവരം  കാളിദാസ് തന്നെ ഫെയ്സ്ബുക്കിലൂടെ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.  ചിത്രം ഉടനെ തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചിട്ടും ട്രോളുകള്‍ക്ക് പഞ്ഞമില്ല. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള കാളിദാസിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുടെ പെരുമഴയാണ്.

മാര്‍ച്ച് ഒമ്പതിന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പല കാരണങ്ങളാലും റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. എല്ലാവര്‍ഷവും മാര്‍ച്ച് ഒമ്പതുണ്ടെന്ന് പറയാതിരിക്കാന്‍ 2018 മാര്‍ച്ച് ഒന്‍പത് എന്ന് പ്രത്യേകം പരാമര്‍ശിച്ചായിരുന്നു കാളിദാസ് അന്ന് പോസ്റ്റിട്ടിരുന്നത്. പിന്നീട് റിലീസ് മാറ്റിവെച്ചതോടെ ട്രോളന്‍മാര്‍ വീണ്ടും ഇളകി. പ്രദര്‍ശനത്തിനെത്താത്ത പൂമരത്തിന്റെ റിവ്യൂകള്‍ വരെ പുറത്തിറങ്ങിയിരുന്നു

ചിത്രത്തിലെ ഗാനങ്ങളെ വലിയ തോതില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ സിനിമ മാത്രം പ്രദര്‍ശനത്തിനെത്താന്‍ വൈകുന്നതിന്റെ കലിപ്പിലാണ് ആരാധകര്‍. ഇതിനിടയില്‍ കാളിദാസന്റെ തമിഴ് ചിത്രം റിലീസാകുകയും ചെയ്തിരുന്നു. പൂമരം വൈകുന്നതിനെ കളിയാക്കി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. പൂമരത്തിനെയും കാളിദാസ് ജയറാമിനെയും കളിയാക്കികൊണ്ട് നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് പുതിയൊരു താരോദയത്തെ കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 2000-ത്തില്‍ റിലീസ് ചെയ്ത കൊച്ചുകൊച്ചു സന്തോഷങ്ങളിലൂടെ തന്റെ ഏഴാം വയസ്സിലാണ് കാളിദാസ് അഭിനയ രംഗത്തെത്തുന്നത്. പിന്നീട് 2003-ല്‍ എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

DONT MISS
Top