പോരാട്ടമാണ്… ആവേശമാണ്… പ്രതീക്ഷയാണ്… ആ ചുവപ്പ്

മുംബൈ: തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി അവര്‍ മുപ്പതിനായിരം പേര്‍ ചെങ്കൊടിയേന്തിയപ്പോള്‍ രാജ്യം മുഴുവന്‍ മുംബൈയിലേക്കൊഴുകുകയായിരുന്നു. ഇന്നുവരേ കാണാത്ത തരത്തിലുള്ള പ്രക്ഷോഭത്തിനാണ് കര്‍ഷകര്‍ തുടക്കം കുറിച്ചിരിക്കുന്നത്. എന്നും അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരായവര്‍ പ്രതികരിച്ചപ്പോള്‍ രാജ്യം മുഴുവന്‍ അവര്‍ക്കൊപ്പം ഒറ്റക്കെട്ടായി.

ഇന്നലെ രാത്രിയോടെ തന്നെ ലോങ് മാര്‍ച്ച് മുംബൈയിലെ നഗരഹൃദയങ്ങളിലെത്തി. രാത്രിയോടെ നഗരത്തിലേക്ക് കടന്ന പ്രവര്‍ത്തകര്‍ ആസാദ് മൈതാനത്തിലാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നത്. പൊതു പരീക്ഷകള്‍ തുടങ്ങിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമരം മൂലം ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് പ്രകടനം രാത്രി തന്നെ നഗരത്തില്‍ പ്രവേശിച്ചത്. ഇന്ന് മഹാരാഷ്ട്ര നിയമസഭാ മന്ദിരം ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി കര്‍ഷക നേതാക്കളുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ഒടുവിലേ അന്തിമ തീരുമാനം ഉണ്ടാകൂയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബഹുജന പ്രക്ഷോഭങ്ങളെ എന്നും ഇരുകൈയ്യും നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് രാജ്യത്തിനുള്ളത്. അതേ പിന്തുണ കര്‍ഷക സമരത്തിനും നല്‍കുന്നുവെന്നത് ശുഭപ്രതീക്ഷ തന്നെയാണ്. സമൂഹമാധ്യമങ്ങളുടേതടക്കം ശ്രദ്ധ ലോങ് മാര്‍ച്ചിലേക്കും മുംബൈ എന്ന മഹാനഗരത്തിലേക്കും ചുരുങ്ങിയത് വളരെ പെട്ടെന്നായിരുന്നു.

സമരത്തിന്റെ തുടക്കത്തില്‍ മുഖ്യധാര മാധ്യമങ്ങളില്‍ പോലും ഇടം ലഭിക്കാതെ പോയ ലോങ് മാര്‍ച്ച് ഇന്ന് ദേശീയ മാധ്യമങ്ങളും താണ്ടി പ്രധാനവാര്‍ത്തയായി മാറിയതില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് വലുതാണ്. ആറുദിവസംമുന്‍പ് നാസിക്കില്‍നിന്ന് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ഷകരുടെ കാല്‍നടജാഥ ഇന്ന് ഒരു ലക്ഷത്തിലധികം പേരുടെ പിന്തുണയോടെയാണ് മുംബൈയിലെത്തിയിരിക്കുന്നത്.

ബിജെപി നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചുവെന്നാണ് സമരത്തിന് നേതൃത്വം നല്‍കുന്ന അഖിലേന്ത്യാ കിസാന്‍ സഭയുടെ പ്രധാന ആരോപണം. വാഗ്ദാനങ്ങള്‍ നേരത്തേയും നല്‍കിയിരുന്നുവെന്നും ഇവര്‍ പറയുന്നു. ഇനിയും അവ നടപ്പാക്കാന്‍ താമസിച്ചാല്‍ നിയമസഭ വളയുന്നതാണ് സമരക്കാര്‍ സ്വീകരിക്കാനിരിക്കുന്ന അടുത്ത നടപടി. ഒരു പരിഹാരം കണ്ടതിനുശേഷം മാത്രമേ ഇത് അവസാനിപ്പിക്കൂ എന്നതും കിസാന്‍ സഭ വ്യക്തമാക്കുന്നു.

സ്ത്രീകളും പ്രായമായവരും ആദിവാസികളും ഉള്‍പ്പെട്ട വലിയ ജനക്കൂട്ടമാണ് മുംബൈയിലെ റാലിയ്‌ക്കൊപ്പം ചേരുന്നത്. പ്രക്ഷോഭകര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ ദലിത്, മുസ്‌ലീം, സിഖ് സംഘടനകളെത്തി. ഗുരുദ്വാരകളില്‍നിന്നും മുസ്‌ലീം പള്ളികളില്‍നിന്നും ഭക്ഷണവും വെള്ളവും വിതരണം ചെയ്തു. നാസിക്കില്‍ നിന്നും തുടങ്ങിയ മാര്‍ച്ചില്‍ വിവിധ ജി്ല്ലകളില്‍നിന്നായി പതിനായിരങ്ങളാണ് അണിചേരുന്നത്. പിന്‍മടക്കമില്ലാത്ത ഒരുപാട് പോരാട്ടങ്ങള്‍ അറിഞ്ഞ മണ്ണിന് മറ്റൊരു പ്രചോദനം കൂടിയാവുകയാണ് കര്‍ഷക സമരം.

രണ്ടരപതിറ്റാണ്ടുകളായി അനുഭവിക്കുന്ന ദുരിതക്കയത്തില്‍ നിന്ന് മോചനം വേണമെന്നാവശ്യപ്പെട്ടാണ് ഇന്ന് ആ ജനത മുംബൈയില്‍ ഒത്തുചേര്‍ന്നത്. ചൈനയെ പിന്നിലാക്കി കുതിക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കുറിച്ചോ ഭാവിയില്‍ വരാന്‍ പോകുന്ന ഡിജിറ്റല്‍ വിപ്ലവത്തെ കുറിച്ചോ അവര്‍ക്കറിയില്ല. അവര്‍ക്ക് വേണ്ടത് മാന്യതയോടെയും അന്തസ്സോടെയുമുള്ള ജീവിതം മാത്രമാണ്.

കൈയിലെ ചെങ്കാെടിയുടെ രാഷ്ട്രീയം മറന്നുകൊണ്ട് രാജ്യം ഒറ്റക്കെട്ടായി ഈ ജനതയ്ക്കുവേണ്ടി ഒന്നിച്ചെങ്കില്‍ അതൊരു മാറ്റത്തിന്റെ തുടക്കം കൂടിയാണ്. വിണ്ടുകീറിയ കാലുകളുമായി അവര്‍ ലക്ഷ്യസ്ഥാനത്തെത്തുക തന്നെചെയ്യും. സമൂഹത്തിന്റെ നാനാഭാഗത്ത് നിന്നും കിട്ടിയ പിന്തുണ അവര്‍ക്ക് ഊര്‍ജമാവും. കൈയിലെ ചെങ്കൊടി ആവേശവും.

DONT MISS
Top