വണ്‍ പ്ലസ് 6 ജൂണിന് മുമ്പ് എത്തിയേക്കും

ചൈനയില്‍ നിന്ന് പുറത്തിറങ്ങുന്ന ബ്രാന്‍ഡുകളില്‍ വളരെ വേഗം വിശ്വാസ്യതയാര്‍ജിച്ച കമ്പനിയാണ് വണ്‍പ്ലസ്. ഗുണമേന്മകൊണ്ട് ആപ്പിളിനെ പോലും വെല്ലുവിളിക്കുന്ന ബ്രാന്‍ഡ്. ഒരുപക്ഷേ പുതിയ മോഡല്‍ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ആപ്പിളിനേയും സാംസങ്ങനേയും പോലെ ലോകത്തിന്റെ പലഭാഗത്തും ആളുകള്‍ ക്യൂനിന്ന് ഉത്പന്നം സ്വന്തമാക്കാന്‍ ശ്രമിക്കുന്ന കാഴ്ച്ചകളും കാണാം. തങ്ങള്‍ കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ 5ടി എന്ന മോഡലിന് ശേഷം പുതിയ മോഡലുമായി എത്തുകയാണ് വണ്‍പ്ലസ്.

പ്രതീക്ഷിച്ചതുപോലെ വണ്‍പ്ലസ് 6 എന്നാണ് പുതുമോഡലിന്റെ പേര്. ഐഫോണ്‍ 10 ഉപയോഗിച്ച ഡിസ്‌പ്ലേ സവിശേഷതകളും വണ്‍ പ്ലസ് 6ല്‍ കാണാനാകും. ഡിസ്‌പ്ലേ നോച്ച് ഉള്‍പ്പെടുത്തിയാകും ഫോണ്‍ വരിക. ഇവിടെയാകും ക്യാമറയും മറ്റ് സെന്‍സറുകളും ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ ആപ്പിളിന്റേതിന് സമാനമായ ഈ നോച്ച് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കമ്പനിയോട് പ്രതികരിക്കുന്നു. എന്നാല്‍ അനേകം ആളുകള്‍ പുതിയ ഡിസ്‌പ്ലേ ആകര്‍ഷകമാണെന്ന് അഭിപ്രായപ്പെട്ടു.

പിന്നിലുള്ള രണ്ട് ക്യാമറകള്‍ ഒന്നിനുമുകളില്‍ ഒന്ന് എന്ന രീതിയിലാണ് ഘടിപ്പിച്ചരിക്കുന്നത്. ഫിംഗര്‍പ്രിന്റ് സ്‌കാനറിന് ഇപ്പോഴുള്ളത്രയും വലിപ്പം ഉണ്ടാവില്ല. പിന്നില്‍ ഗ്ലാസ് പാനലായിരിക്കാന്‍ സാധ്യതയുണ്ട്. ആന്‍ഡ്രോയ്ഡ് ഓറിയോ അടിസ്ഥാനമാക്കിയ പുതിയ ഓക്‌സിജന്‍ ഓഎസ് ആയിരിക്കും ഫോണിന്റെ ജീവന്‍. ഫെയ്‌സ് അണ്‍ലോക്കിംഗ് ഒപ്ഷന്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്നും പ്രതീക്ഷിക്കുന്നു. കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല.

നിലവിലുള്ള ഏറ്റവും മികച്ച പ്രൊസസ്സര്‍ ഫോണിന് നല്‍കുക എന്ന വണ്‍പ്ലസ് ശീലം ഇവിടെയും തുടര്‍ന്നാല്‍ സ്‌നാപ്പ് ഗ്രാഗണ്‍ 845 ആകും ഫോണിന്റെ ജീവന്‍. മൂന്നുമാസത്തിനകം ഫോണ്‍ വിപണിയിലിറക്കാനാണ് കമ്പനി പദ്ധതി. 6 ജിബി വേരിയന്റും 8 ജിബി വേരിയന്റും വാങ്ങാനാകും. വിലവിവരങ്ങള്‍ വെളിയില്‍വന്നിട്ടില്ല. അനൗദ്യോഗികമായി പുറത്തുവന്ന ചില ചിത്രങ്ങള്‍ മാത്രമാണ് സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. ഈ ചിത്രങ്ങളെ കമ്പനി തള്ളിയിട്ടില്ല.

DONT MISS
Top