വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് ചികിത്സ ലഭിക്കാത്തതിനെത്തുടര്‍ന്ന് മരിച്ചു; ചികില്‍സ നിഷേധിച്ചത് തൃശൂരിലെ സ്വകാര്യ ആശുപത്രി

പ്രതീകാത്മക ചിത്രം

തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ നിഷേധിച്ച യുവാവ് മരിച്ചു. നെടുപുഴ ഹെര്‍ബെര്‍ട്ട് നഗര്‍ സ്വദേശി പാലാവീട്ടില്‍ രണദേവ് (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂര്‍ക്കഞ്ചേരി വലിയാലുക്കല്‍ പെട്രോള്‍ പമ്പിനു സമീപം ഓട്ടോയിടിച്ച് തലയ്ക്കു ഗുരുതര പരിക്കേറ്റ രണദേവ് തൃശൂര്‍ ദയ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.

അപകടത്തില്‍പ്പെട്ട രണദേവിനെ ആദ്യം കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സ നിഷേധിച്ചത് വന്‍ വിവാദത്തിനും പ്രതിഷേധത്തിനും വഴിവെച്ചിരുന്നു. യഥാസമയം ചികില്‍സ ലഭ്യമാകാതായതോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട് ഗുരുതര പരിക്കേറ്റയാള്‍ക്ക് ചികില്‍സ നിഷേധിച്ച തൃശൂരിലെ സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാണ്.

അപകടത്തില്‍പ്പെടുന്ന ആളുകള്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ ഉറപ്പാക്കിയുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന്റെ നഗ്‌നമായ ലംഘനമാണ് കൂര്‍ക്കഞ്ചേരി എലൈറ്റ് മിഷന്‍ ആശുപത്രി നടത്തിയത്. വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ് സേവനമടക്കം രോഗിക്ക് ലഭ്യമാക്കണമെന്ന നിബന്ധനയോടെയാണ് ട്രോമാകെയര്‍ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ 48 മണിക്കൂര്‍ സൗജന്യ ചികില്‍സ നടപ്പാക്കിയത്.

എന്നാല്‍ വ്യാഴാഴ്ച രാവിലെ കൂര്‍ക്കഞ്ചേരി വലിയാലുക്കല്‍ പെട്രോള്‍ പമ്പിനു സമീപത്ത് ഓട്ടോയിടിച്ച് തലയ്ക്കു ഗുരുതര പരിക്കേറ്റ നെടുപുഴ സ്വദേശി രണദേവെന്ന യുവാവിന് ഈ നിയമത്തിന്റെ ആനുകൂല്യമൊന്നും ലഭ്യമായില്ല. സൗജന്യ ചികില്‍സ പോയിട്ട് അപകടത്തില്‍പ്പെട്ട രോഗിക്ക് നല്‍കേണ്ട പ്രാഥമിക ചികില്‍സ പോലും നല്‍കാന്‍ ആശുപത്രി തയ്യാറായില്ല. ബൈസ്റ്റാന്‍ഡര്‍ ഇല്ലായെന്ന വിചിത്ര വാദമാണ് ഇതിനു കാരണമായി ആശുപത്രി അധികൃതര്‍ നിരത്തിയത്.

അപകടത്തില്‍പ്പെട്ട ഓട്ടോ്രൈഡവര്‍ തന്നെയാണ് രണദേവിനെ ആശുപത്രിയിലെത്തിച്ചത്. ചികില്‍സ ലഭ്യമാകാതെ വന്നതോടെ മുക്കാല്‍ മണിക്കൂറുകള്‍ക്കു ശേഷമാണ് യുവാവിനെ തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്. പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി തൃശൂര്‍ ദയ ആശുപത്രിയിലേക്ക് മാറ്റിയ രണദേവ് വെള്ളിയാഴ്ച മരണത്തിനു കീഴടങ്ങുകയായിരുന്നു.

സംഭവമറിഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രതിഷേധവുമായെത്തി. പ്രതിഷേധം ശക്തമായതോടെ വീഴ്ച അംഗീകരിക്കാനും ആശുപത്രി മാനേജ്‌മെന്റ് മടിച്ചില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാതൃകാപരമായ നടപടികള്‍ ഉണ്ടാവണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്കും വകുപ്പ് മന്ത്രിയ്ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമെല്ലാം പരാതി നല്‍കിയതായി ഡിവൈഎഫ്‌ഐ അറിയിച്ചു.

അതേസമയം ചികില്‍സ ലഭ്യമാകാതെ തൃശൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ നേരത്തെ ഒരു തൊഴിലാളി മരിക്കുകയും ചികില്‍സാ പിഴവ് മൂലം ഇതേ എലൈറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിക്കുകയും ചെയ്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top