എബിഎസിന് പുറമെ സ്ലിപ്പര്‍ ക്ലച്ചും സെഗ്മെന്റിലേക്ക് എത്തിച്ച് അപ്പാഷെ; ആര്‍ടിആര്‍ 200 റേസ്‌ എഡിഷന്‍ പുറത്തിറങ്ങി; എതിരാളികളെ സ്തബ്ധരാക്കി ടിവിഎസ്


എതിരാളികളെ സ്തബ്ധരാക്കിക്കൊണ്ട് ടിവിഎസ് അപ്പാഷെ ആര്‍ടിആര്‍ 200 റേസ്‌ എഡിഷന്‍ പുറത്തുവന്നു. ആരും നോക്കിപ്പോകുന്ന ബോഡി ഗ്രാഫിക്‌സും ഭംഗിയും ബൈക്കിനുണ്ട്. വിക്ടറും പഴയ അപ്പാഷെയും നിരത്തുകളില്‍ പണ്ട് നേടിത്തന്ന മുന്‍തൂക്കം നിലനിര്‍ത്താനായില്ല എന്ന പരാതി ആവര്‍ത്തിക്കാതിരിക്കാന്‍ ഒരുങ്ങിത്തന്നെയാണ് ടിവിഎസ്.

റേസ്‌ എഡിഷനില്‍ കാഴ്ച്ചയ്ക്കുള്ള മറ്റൊരു വ്യത്യാസം മുന്‍ഭാഗത്താണ്. മീറ്ററുകള്‍ക്ക് മുന്നിലായി ഉയര്‍ന്നുനില്‍ക്കുന്ന ഫ്‌ളൈ സ്‌ക്രീനാണ്. ഒറ്റനോട്ടത്തില്‍തന്നെ ഈ വ്യത്യാസം ദൃശ്യമാണ്.

ഉയര്‍ന്ന ആര്‍പിഎമ്മില്‍ ‘ടപ്പേ’ എന്ന ശബ്ദത്തോടെ ചെറു ഗിയറുകള്‍ വീഴുന്നത് കേട്ട് വേദനിച്ചിട്ടുണ്ടാവണം റൈഡര്‍മാര്‍. എന്നാല്‍ സ്ലിപ്പര്‍ ക്ലച്ചിന് നിരവധി നേട്ടങ്ങള്‍ ഉറപ്പുതരാനാകും. ഉയര്‍ന്ന വേഗത്തിലെ ഡൗണ്‍ഷിഫ്റ്റുകളില്‍ റൈഡറുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സ്ലിപ്പര്‍ ക്ലച്ചിന് സാധിക്കും. ഗിയര്‍ വീലുകള്‍ക്ക് പരുക്കുപറ്റാനുള്ള സാധ്യതയും കുറവാണ്. ബാക്ക് ബാലന്‍സ് ടോര്‍ക്ക് ലിമിറ്റര്‍ എഫക്ടിലൂടെ ബൈക്കിന്റെ സ്ഥിരത വര്‍ദ്ധിപ്പിക്കുകയും വീല്‍ ഹോപ്പിംഗ് കുറക്കുകയും ചെയ്യാന്‍ അപ്പാഷെയുടെ സ്ലിപ്പര്‍ ക്ലച്ചിന് സാധിക്കും. സെഗ്മെന്റില്‍ ഇതാദ്യമാണ് സ്ലിപ്പര്‍ ക്ലച്ചുകള്‍.

എബിഎസിന്റെ കഥയും ഇതുതന്നെ. എബിഎസ് എന്നത് ഒഴിവാക്കരുതാത്ത ഒരു സുരക്ഷാ ക്രമീകരണമാണെന്ന് എല്ലാ വാഹന നിര്‍മാതാക്കള്‍ക്കുമറിയാമെങ്കിലും ചെലവ് കൂടുന്നത് ചൂണ്ടിക്കാട്ടി ഏവരുമിത് ഒഴിവാക്കുകയാണ്. എന്നാല്‍ എബിഎസുമായി പുറത്തിറങ്ങുന്ന ആര്‍ടിആര്‍200 വിപണിയിലെ എല്ലാ എതിരാളിയേയും പിന്നിലാക്കാനുള്ള പുറപ്പാടിലാണ്. പുതിയ ടിവിഎസ് അപ്പാഷെ ആര്‍ടിആര്‍200 റേസ് എഡിഷന്‍ ഉടന്‍തന്നെ ഷോറൂമുകളിലെത്തും.

നിലവില്‍ ഈ കാറ്റഗറിയിലെ ഒരു ബൈക്കിനും ഇരട്ടച്ചാനല്‍ എബിഎസ് ലഭ്യമല്ല. ആര്‍ടിആര്‍ 180ക്ക് ലഭ്യമാണെങ്കിലും വിപണിയില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ ബൈക്കിന് സാധിച്ചില്ല. സുസുക്കി 150 സിസി കാറ്റഗറിയില്‍ രണ്ട് ബൈക്കുകള്‍ക്ക് എബിഎസ് നല്‍കുന്നുവെങ്കിലും അത് മുന്‍വീല്‍ മാത്രം എബിഎസ് സുരക്ഷ ലഭ്യമാക്കുന്ന സംവിധാനമാണ്. ഡോമിനാറാണ് പിന്നെ ഇരട്ടച്ചാനല്‍ എബിഎസുമായി വിപണിയിലുള്ളത്. പക്ഷേ 400 സിസിയും ഒന്നരലക്ഷം രൂപയുമായി കാറ്റഗറിയില്‍ മുമ്പനാണ് ഡോമിനാര്‍.

ഇവിടെയാണ് 1.08 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയുമായി ആര്‍ടിആര്‍200 എത്തുന്നത്. 8500 ആര്‍പിഎമ്മില്‍ 20.5 ബിഎച്ച്പി കരുത്താണ് അപ്പാഷെ ആര്‍ടിആര്‍200 4വിയ്ക്ക് ലഭ്യമാകുന്നത്. 127 കിമി പരമാവധി വേഗതയുള്ള ബൈക്ക് വെറും നാല് സെക്കന്റില്‍ താഴെ സമയത്തില്‍ പൂജ്യത്തില്‍നിന്ന് 60 കിലോമീറ്റര്‍ വേഗതയിലേക്ക് എത്തുമെന്നും ടിവിഎസ് അവകാശപ്പെടുന്നു.

DONT MISS
Top