ചെങ്ങന്നൂരില്‍ സിപിഐഎം വര്‍ഗീയവികാരം ഇളക്കിവിടുന്നു: പിഎസ് ശ്രീധരന്‍ പിള്ള

പിഎസ് ശ്രീധരന്‍പിള്ള

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ സിപിഐഎം വര്‍ഗീയവികാരം ഇളക്കി വിടുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പിഎസ് ശ്രീധരന്‍ പിള്ള. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കാനാണ് സിപിഐഎം സംസ്ഥാനസെക്രട്ടറി അടക്കമുള്ളവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യനപക്ഷങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള നാഗാലാന്‍ഡിലും മേഘാലയയിലും ജനങ്ങള്‍ ബിജെപിക്കാണ് വോട്ട് ചെയ്തത്. നരേന്ദ്ര മോദിക്കൊപ്പം സഞ്ചരിക്കാനാണ് ന്യൂനപക്ഷവിഭാഗങ്ങള്‍ ആഗ്രഹിക്കുന്നത്. ഇത് മനസ്സിലാക്കിയാണ് സിപിഐഎം വ്യാജപ്രചരണം നടത്തി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയപ്പാട്സൃഷ്ടിക്കുന്നത്. എന്നാല്‍ ഇത് ചെങ്ങന്നൂരിലെ ന്യൂനപക്ഷങ്ങള്‍ അംഗീകരിക്കില്ല.

സമൂഹത്തില്‍ ക്രിയാത്മക ചിന്തയുണ്ടാക്കാനാണ് രാഷ്ട്രീയക്കാര്‍ ശ്രമിക്കേണ്ടത്. രാഷ്ട്രീയമായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇരുമുന്നണികളും തയ്യാറാകണം. സിപിഐഎം അനുഭാവികളായ സര്‍ക്കാര്‍ ജീവനക്കാര്‍ വരെ നവമാധ്യമങ്ങളില്‍ കൂടി വര്‍ഗീയവികാരം ഇളക്കി വിടുകയാണ്. ഇത്തരം ചെയ്തികളെ രാഷ്ട്രീയ പ്രവര്‍ത്തനമായി കാണാനാകില്ല. ത്രിപുരയിലെ തോല്‍വി അംഗീകരിക്കാന്‍ സിപിഐഎമ്മിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാലാണ് ഇത്തരത്തില്‍ വ്യാജപ്രചരണം അഴിച്ചു വിടുന്നത്.

സിപിഐഎം കണ്ണൂര്‍ പാര്‍ട്ടിയായി അധ:പതിക്കരുതെന്നാണ് ആഗ്രഹം. ഇതു തന്നെയാണ് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന യഥാര്‍ത്ഥ സഖാക്കളും ആഗ്രഹിക്കുന്നത്. അതിന് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് അത്യാവശ്യമാണ്. ചെങ്ങന്നുര്‍ ഉപതെരഞ്ഞെടുപ്പില്‍ അത് സംഭവിക്കും. വ്യക്തികള്‍ തമ്മിലല്ല, ആശയങ്ങള്‍ തമ്മിലാണ് ചെങ്ങന്നൂരില്‍ ഏറ്റുമുട്ടുന്നത്. എതിരാളികള്‍ ആരായാലും അവരെ കുറച്ചുകാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എംവി ഗോപകുമാര്‍, ജില്ലാ ഖജാന്‍ജി കെജി കര്‍ത്താ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top