സംസ്ഥാനസാമൂഹ്യബോര്‍ഡില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരിക്കാന്‍ മന്ത്രിസഭാ തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യബോര്‍ഡില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

പ്രധാന മന്ത്രിസഭാ തീരുമാനങ്ങള്‍,

 1. പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കില്‍ അത്തിക്കയം വില്ലേജില്‍ മുപ്പത്തിരണ്ട് ഏക്കര്‍ ഭൂമി നാല്പത് വര്‍ഷമായി കൈവശം വെച്ച് താമസിച്ചുവരുന്ന കുടുംബങ്ങളില്‍ അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇപ്പോള്‍ 101 കുടുംബങ്ങളാണ് അവിടെ താമസിക്കുന്നത്.
 2. ചിമ്മിനി ഡാമിന്റെ നിര്‍മാണത്തിന് കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് പുനഃരധിവാസത്തിന് 7.5 ഏക്കര്‍ ഭൂമി നെഗോഷ്യബിള്‍ പര്‍ചേസ് പ്രകാരം വാങ്ങുന്നതിന് തൃശ്ശൂര്‍ ജില്ലാ കളക്റ്റര്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചു.
 3. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും വിജ്ഞാന മുദ്രണം പ്രസ്സിലെയും ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്കരണ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു.
 4. സംസ്ഥാനത്തിന്റെ ധനകമ്മി മൊത്തം ആഭ്യന്തരോല്പാദനത്തിന്റെ മൂന്ന് ശതമാനമായി നിലനിര്‍ത്തുന്നതിന് കേരളധനസംബന്ധമായ ഉത്തരവാദിത്വനിയമത്തില്‍ (2003) ഭേദഗതി വരുത്താനുളള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. 2019-20 വരെയുളള കാലയളവിലേക്ക് റവന്യൂ കമ്മി പൂര്‍ണമായും ഇല്ലാതാക്കാനും ധനകമ്മി മൂന്നു ശതമാനമായി നിലനിര്‍ത്താനും ബില്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നു.
 5. സംസ്ഥാനസാമൂഹ്യബോര്‍ഡില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരിക്കാന്‍ തീരുമാനിച്ചു.
 6. ദേശീയസമ്പാദ്യവകുപ്പ് ഡയറക്റ്റര്‍ ആയി വിഎം പ്രസന്നയെ നിയമിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ അഡീഷണല്‍ ഡയറക്റ്റര്‍ ആണ് പ്രസന്ന.
 7. തലശ്ശേരി ചൊക്ലി ഗവണ്‍മെന്റ് കോളേജില്‍ ചരിത്രവിഭാഗത്തില്‍ ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
 8. ഇന്ത്യന്‍ നേവിയുടെ നേവല്‍ ആര്‍മമെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് തിരുവനന്തപുരം മുട്ടത്തറ വില്ലേജില്‍ 5.23 ഏക്കര്‍ ഭൂമി കമ്പോളവില ഈടാക്കി പതിച്ച് നല്‍കാന്‍ തീരുമാനിച്ചു. നേരത്തെ സര്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുവദിച്ചിരുന്ന ഭൂമിയാണ് ആ തീരുമാനം റദ്ദാക്കി ഇന്ത്യന്‍ നേവിക്ക് നല്‍കുന്നത്.
 9. പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസില്‍ (പാലക്കാട് മെഡിക്കല്‍ കോളേജ്) ഡയറക്റ്ററുടെ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
 10. ലോകജലദിനം മാര്‍ച്ച് 22ന് വിവിധപരിപാടികളോടെ ആചരിക്കാന്‍ തീരുമാനിച്ചു.
 11. എല്‍ഡിഎഫ് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിനുളള പരിപാടി തയ്യാറാക്കാന്‍ സാംസ്കാരികമന്ത്രി എകെ ബാലന്‍ കണ്‍വീനറായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു.
 12. പൊതുഭരണവകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് തുറമുഖവകുപ്പിന്റെ അധികചുമതല നല്‍കാന്‍ തീരുമാനിച്ചു. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യനാണ് ഇപ്പോള്‍ തുറമുഖവകുപ്പ് കൈകാര്യം ചെയ്യുന്നത്.
 13. ഉദ്യോഗസ്ഥഭരണപരിഷ്കാരവകുപ്പിന്റെ സ്പെഷ്യല്‍ സെക്രട്ടറിയായി കെ. ഗോപാലകൃഷ്ണ ഭട്ടിനെ നിയമിക്കാന്‍ തീരുമാനിച്ചു. ബിശ്വനാഥ് സിന്‍ഹയാണ് ഇപ്പോള്‍ ഈ വകുപ്പിന്റെ സെക്രട്ടറി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top