ഷക്കീലയുടെ ജീവിതം സിനിമയാകുന്നു; റിച്ച ചദ്ദ നായികയാകും

ഷക്കീല, റിച്ച ചദ്ദ

മലയാള സിനിമാ വ്യവസായത്തില്‍ ബി ഗ്രേഡ് സിനിമകള്‍ക്ക് ഇത്രയും വലിയ വിജയം നേടാന്‍ സാധിക്കുമെന്ന് കാണിച്ചുതന്നത് ഷക്കീലയാണ്. നൂറുദിവസം നിറഞ്ഞസദസില്‍ ഓടിയ കിന്നാരത്തുമ്പികളുള്‍പ്പെടെ നിരവധി ചിത്രങ്ങള്‍. മലയാള സിനിമയുടെ ചരിത്രമെടുത്താല്‍ ഏതൊരു വലിയ നായികയ്ക്കുമുള്ളതുപോലെ പ്രാധാന്യം ഷക്കീലയ്ക്കുമുണ്ട്.

ഷക്കീലയുടെ ജീവിതകഥ അഭ്രപാളികളിലേക്ക് എത്തുകയാണ്. പേര് നിശ്ചയിച്ചിട്ടില്ലാത്ത ചിത്രം കന്നട ഭാഷയിലാണ് പുറത്തിറങ്ങുന്നത്. കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ ആദ്യ ചിത്രത്തില്‍ വി ശാന്താറാം അവാര്‍ഡ് നേടിയ പ്രതിഭാശാലിയാണ് ഇന്ദ്രജിത്ത്.

ചിത്രത്തില്‍ ഷക്കീലയായി വേഷമിടുന്നത് ബോളിവുഡ് താരം റിച്ച ചദ്ദയാണ്. വാര്‍ത്ത താരം സ്ഥിരീകരിച്ചു. ആകര്‍ഷകമാണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് എന്നും ഷക്കീലയുടെ ജീവിതകഥ മികച്ചരീതിയില്‍ അതില്‍ ആവിഷ്‌കരിച്ചിട്ടുണ്ട് എന്നും റിച്ച മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടുമാസത്തിനകം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പതിനാറാം വയസില്‍ സിനിമാ മേഖലയിലെത്തിയ ഷക്കീലയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം കോര്‍ത്തിണക്കിയാകും സിനിമ ചിത്രീകരിക്കുക. സില്‍ക്ക് സ്മിതയുടെ ജീവിതം സിനിമയായപ്പോള്‍ വന്‍ പ്രേക്ഷക നിരൂപക പ്രീതികളാണ് ലഭിച്ചത്. അത്തരത്തിലുള്ള സ്വീകാര്യത ഈ ചിത്രത്തിനും ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

DONT MISS
Top