‘വസ്ത്രം ചെറുതായതല്ല പീഡനങ്ങള്‍ക്ക് കാരണം’; സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ അര്‍ദ്ധനഗ്നരായി യുവാക്കളുടെ പ്രതിഷേധം

ദില്ലിയില്‍ നടത്തിയ പ്രതിഷേധം

ദില്ലി: സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ദില്ലിയില്‍ അര്‍ദ്ധനഗ്നരായി യുവാക്കള്‍ പ്രതിഷേധം സംഘടിപ്പിച്ചു. ദില്ലി വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച റേപ് റോക്കോ പ്രചരണത്തിന്റെ ഭാഗമായാണ് യുവാക്കള്‍ അര്‍ദ്ധ നഗ്നരായി തെരുവിലിറങ്ങി പ്രതിഷേധിച്ചത്.

വസ്ത്രം ചെറുതായതല്ല, ചിന്താഗതി മോശമായതാണ് പീഡനങ്ങള്‍ക്ക് കാരണം എന്ന പ്ലകാര്‍ഡ് ഉയര്‍ത്തി പിടിച്ചാണ് യുവാക്കള്‍ പ്രതിഷേധിച്ചത്. ദില്ലിയില്‍ എട്ടുമാസം പ്രായമായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതിനു പിന്നാലെയാണ് വനിതാ കമ്മീഷന്‍ പീഡനത്തിനെതിരെ ക്യാംപെയിന്‍ സംഘടിപ്പിച്ചത്.

എട്ടുമാസം പ്രായമായ ആ പെണ്‍കുട്ടി എന്ത് വസ്ത്രമാണ് ധരിച്ചത്. അവളുടെ വസ്ത്രമാണോ നിങ്ങളെ പ്രലോഭിപ്പിച്ചത്. ഇത്തരം ചിന്താഗതികളോട് അപമാനം തോന്നുന്നു എന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത യുവാക്കള്‍ പറഞ്ഞു. മാണ്ടി ഹൗസില്‍ നിന്നും സെന്‍ട്രല്‍ പാര്‍ക്കിലേക്കായിരുന്നു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

പീഡനങ്ങളെ മൗനമായി നേരിടുന്ന ജനങ്ങളേയും സര്‍ക്കാരുകളേയും പ്രതിഷേധക്കാര്‍ രൂക്ഷമായ വിമര്‍ശിച്ചു. കൂടാതെ ആറുമാസത്തിനുള്ളില്‍ പീഡനക്കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണം എന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

DONT MISS
Top