പ്രതിമകള്‍ക്കുനേരെയുള്ള ആക്രമണം തുടരുന്നു; ഉത്തര്‍പ്രദേശില്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്തു

അംബേദ്കറിന്റെ പ്രതിമ തകര്‍ത്തനിലയില്‍

മീററ്റ്: രാജ്യത്ത് പ്രതിമകള്‍ക്കു നേരെ നടത്തി വരുന്ന ആക്രമണം തുടരുന്നു. ലെനിനിന്റെയും പെരിയാറിന്റേയും പ്രതിമകള്‍ക്ക് പിന്നാലെ മീററ്റിലെ അംബേദ്കര്‍ പ്രതിമയും തകര്‍ത്തിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രിയാണ് അജ്ഞാതരായ സംഘം മീററ്റിലെ മവാദഖുര്‍ദ് മേഖലയിലെ അംബേദ്കറിന്റെ പ്രതിമ തകര്‍ത്തത്.

അബേദ്കറിന്റെ പ്രതിമ തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് മീററ്റിലെ മവാനയില്‍ വാഹനങ്ങള്‍ തടഞ്ഞ് ദലിത് വിഭാഗം പ്രതിഷേധം സംഘടിപ്പിച്ചു. അംബേദ്കറിന്റെ പുതിയ പ്രതിമ വളരെ പെട്ടെന്ന് വീണ്ടും സ്ഥാപിക്കും എന്ന് ജില്ലാ നേതൃത്വം ഉറപ്പു നല്‍കിയതിനുശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

പ്രതിമകള്‍ തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് ഉത്തര്‍പ്രദേശില്‍ പ്രതിമ തകര്‍ക്കല്‍ സംഭവം അരങ്ങേറിയത്.

ത്രിപുരയില്‍ ലെനിനിന്റെ പ്രതിമയാണ് ആദ്യമായി തകര്‍ക്കപ്പെട്ടത്. ഇടതുപക്ഷത്തിന്റെ രണ്ടര പതിറ്റാണ്ട് നീണ്ട ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരം പിടിച്ചതിന് പിന്നാലെയാണ് ത്രിപുരയില്‍ ഇടത് സ്ഥാപനങ്ങള്‍ക്ക് നേര്‍ക്കും പ്രതിമകള്‍ക്കും കൊടിതോരണങ്ങള്‍ക്ക് നേര്‍ക്കും ആക്രമണം ആരംഭിച്ചത്. ലെനിനിന്റെ പ്രതിമ തകര്‍ത്തതിനു പിന്നാലെ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ കരി ഓയില്‍ ഒഴിച്ചും വികൃതമാക്കിയിരുന്നു.

തമിഴ്‌നാട്ടിലും സമാനമായ രീതിയില്‍ പ്രതിമയ്ക്ക് നേര്‍ക്ക് ആക്രമണം നടന്നു. ദ്രാവിഡ കഴകം സ്ഥാപകന്‍ പെരിയാറിന്റെ പ്രതിമയ്ക്ക് നേര്‍ക്കാണ് ആക്രമണം നടന്നത്. ചെന്നൈ വെല്ലൂരിലെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഓഫീസ് വളപ്പിലെ പ്രതിമയ്ക്ക് നേര്‍ക്കാണ് ആക്രമണമുണ്ടായത്. പ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് പൊലീസ് അറിയിച്ചു.

DONT MISS
Top