വസന്തോത്സവത്തിന്റെ വരവറിയിച്ച് നാടെങ്ങും പൂരപ്പൂക്കള്‍ വിരിഞ്ഞു

കാസര്‍ഗോഡ് :വസന്തോത്സവത്തിന്റെ വരവറിയിച്ച് നാടെങ്ങും പൂരപ്പൂവുകള്‍ വിരിഞ്ഞു. ഇനി വടക്കന്‍ കേരളത്തില്‍ പൂരക്കളിയുടെയും മറത്തുകളിയുടെും കാലം. കത്തുന്ന വേനലിലും പൂരപ്പൂക്കളില്‍ പ്രധാന്യമേറിയ നരയന്‍ പൂക്കളുടെ ദൃശ്യസമൃദ്ധി കണ്‍കുളിര്‍ക്കുന്ന കാഴ്ചയാണ്. പൂരക്കാലത്ത് കാമദേവന് പൂജാ പുഷ്പമൊരുക്കാന്‍ കന്യകമാര്‍ മത്സരിച്ച് പൂരപ്പൂക്കള്‍ ശേഖരിക്കാനോടുന്ന കാഴ്ച ഇനി വടക്കേ മലബാറിന്റെ ഗ്രാമങ്ങള്‍ക്ക് സ്വന്തം. എരിക്കിന്‍പൂ, മുരിക്കിന്‍പൂ, അതിരാണിപൂ, വയറപ്പൂവ്, ചെമ്പകപ്പൂവ്, പാലപ്പൂവ്, ആലോത്തിന്‍പൂ എന്നിവയാണ് പൂരപ്പൂക്കള്‍.

പൂരക്കാലത്തിന്റെ സവിശേഷതയാര്‍ന്ന കലാരൂപമായ പൂരക്കളിക്കും അരങ്ങുണര്‍ന്നു. ശക്തിയും സൗന്ദര്യവും സമ്മേളിക്കുന്ന നാടന്‍ കലാരൂപമായ പൂരക്കളിയുടെ പരിശീലനക്കളിയാണ് കാവുകളില്‍ നടക്കുന്നത്. ഉണ്ണികള്‍ക്കും പൂവുകള്‍ക്കും ഉത്സസവമായി പൂരോത്സവം മാറുന്നതോടൊപ്പം അക്ഷരമറിയാത്ത ഗ്രാമീണ ജനതയെ ജീവിതാഹ്ലാദത്തിലേക്കുണര്‍ത്തുകയും വിജ്ഞാനഭണ്ഡാരങ്ങള്‍ പാട്ടിലൂടെ, താളത്തിലൂടെ, നൃത്തത്തിലൂടെ പകര്‍ന്നു നല്‍കുന്ന പൂരക്കളിയും പൂരവും ഒരു നാട്ടിലെ ജനതയുടെ തന്നെ ഉത്സവമായി മാറുകയാണ്.

വേദാന്തം,വ്യാകരണം,നാട്യം, പുരാണം,കാവ്യം,നാടകം,ശില്പകല,അലങ്കാരം,മീംമാംസ തുടങ്ങി ഗ്രാമീണ ജനതയ്ക്ക് അന്യമായ നിരവധി വിജ്ഞാനശാഖകളാണ് പൂരക്കളിയിലെ മറത്തുകളിയിലൂടെ ഗ്രാമീണര്‍ക്കിടയിലേക്ക് പകര്‍ന്ന് നല്‍കുന്നത്.പൂരക്കളിക്കായി കച്ചയും ചോപ്പും മുറുക്കി അരങ്ങിലെത്തുന്നവരില്‍ പണ്ഢിതപാമര,ധനികദരിദ്ര വ്യത്യാസമില്ലെന്നും ഈ കലാരൂപത്തിന്റെ മാത്രം പ്രത്യേകതയാണ്.കന്യകമാരുടെ ഉത്സവം കൂടിയാണ് പൂരം. മീനമാസത്തിലെ കാര്‍ത്തികനാളാ 22നാണ് ഈ വര്‍ഷത്തെ പൂരോത്സവം തുടങ്ങുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top