പ്രതിമ തകര്‍ക്കല്‍ തുടരുന്നു; പെരിയാറുടെ പ്രതിമ തകര്‍ത്തതിന് തമിഴ്‌നാട്ടില്‍ രണ്ട് പേര്‍ അറസ്റ്റില്‍

പെരിയാറുടെ പ്രതിമ തകര്‍ക്കപ്പെട്ട നിലയില്‍

ദില്ലി: ത്രിപുരയില്‍ പ്രതിമ തകര്‍ക്കല്‍ സംഭവങ്ങള്‍ തുടരുന്നു. ലെനിന്റെ പ്രതിമ തകര്‍ക്കെപ്പട്ടതിനും സിഐഎം ഓഫീസുകള്‍ക്ക് നേര്‍ക്ക് ആക്രമണം നടന്നതിനും പിന്നാലെ ജനസംഘം നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമ അജ്ഞാതസംഘം കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി. ഇന്നലെ രാത്രിയാണ് സംഭവം. ഇടതുപക്ഷത്തിന്റെ രണ്ടര പതിറ്റാണ്ട് നീണ്ട ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരം പിടിച്ചതിന് പിന്നാലെയാണ് ത്രിപുരയില്‍ ഇടത് സ്ഥാപനങ്ങള്‍ക്ക് നേര്‍ക്കും പ്രതിമകള്‍ക്കും കൊടിതോരണങ്ങള്‍ക്ക് നേര്‍ക്കും ആക്രമണം ആരംഭിച്ചത്. ഇതിന് തുടര്‍ച്ചയായിട്ടാണ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ കരി ഓയില്‍ ഒഴിച്ചത്.

ഇതിനിടെ, തമിഴ്‌നാട്ടിലും സമാനമായ രീതിയില്‍ പ്രതിമയ്ക്ക് നേര്‍ക്ക് ആക്രമണം നടന്നു. ദ്രാവിഡ കഴകം സ്ഥാപകന്‍ പെരിയാറിന്റെ പ്രതിമയ്ക്ക് നേര്‍ക്കാണ് ആക്രമണം നടന്നത്. ചെന്നൈ വെല്ലൂരിലെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഓഫീസ് വളപ്പിലെ പ്രതിമയ്ക്ക് നേര്‍ക്കാണ് ആക്രമണമുണ്ടായത്. പ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് പൊലീസ് അറിയിച്ചു.

ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തത് പോലെ തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമകള്‍ തകര്‍ക്കപ്പെടുമെന്ന് പോസ്റ്റ് ചെയ്ത തമിഴ്‌നാട് ബിജെപി നേതാവ് എച്ച് രാജയുടെ വിവാദപരാമര്‍ശത്തിന്റെ പേരില്‍ അദ്ദേഹം മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് പെരിയാറിന്റെ പ്രതിമ തകര്‍ക്കപ്പെട്ടത്.

ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തത് പോലെ തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമയും തകര്‍ക്കുമെന്നായിരുന്നു രാജയുടെ പോസ്റ്റ്. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പോസ്റ്റ് നേരത്തെ രാജ പിന്‍വലിച്ചിരുന്നു.

ഇതിനിടെ, ഇന്ന് പുലര്‍ച്ചെ കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേര്‍ക്ക് അജ്ഞാതസംഘം പെട്രോള്‍ ബോംബെറിഞ്ഞു. ബൈക്കിലെത്തിയ സംഘമാണ് പാര്‍ട്ടി ഓഫീസിലേക്ക് ബോംബ് എറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിമകള്‍ തകര്‍ക്കപ്പെടുന്ന സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നു. ഇത്തരം അക്രമണത്തില്‍ നിന്ന് പിന്‍മാറണമെന്ന് ട്വിറ്ററിലൂടെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

DONT MISS
Top