പൊന്തന്‍പുഴ ഭൂമി കേസില്‍ യുഡിഎഫുമായി ചേര്‍ന്ന് മാണിയുടെ അടിയന്തര പ്രമേയം

കെഎം മാണി

തിരുവനന്തപുരം: പൊന്തന്‍പുഴ ഭൂമി വിഷയത്തില്‍ സിപിഐയെ പ്രതിരോധത്തിലാക്കാന്‍ ലക്ഷ്യമിട്ട് കെഎം മാണി കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.

യുഡിഎഫ് പിന്തുണയോടെയാണ് കെഎം മാണി ടിയന്തരപ്രമേയം കൊണ്ടുവന്നതെന്നതാണ് സവിശേഷത. യുഡിഎഫ് മുന്നണി വിട്ടശേഷം ആദ്യമായാണ് മാണിയും പ്രതിപക്ഷമായ യുഡിഎഫും ഒരു വിഷയത്തില്‍ സര്‍ക്കാരിനെതിരേ നിയമസഭയില്‍ ഒന്നിച്ചത്.

കോട്ടയം -ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലുള്ള പൊന്തന്‍പുഴ വനഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടുകൊടുക്കാന്‍ ഉത്തരവിട്ടുകൊണ്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇത് വനം വകുപ്പ് വിഷയത്തില്‍ സ്വകാര്യവ്യക്തികള്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് എന്ന് നേരത്തെ കേരള കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.  സ്വകാര്യ വ്യക്തിക്ക് വനം കൈമാറാൻ വനം വകുപ്പ് ഒത്തുകളി നടത്തിയെന്നും കേസ് നടത്തിപ്പിൽ സർക്കാർ ആർജവം കാട്ടിയില്ലെന്നും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയ കെഎം മാണി ആരോപിച്ചു.

എന്നാല്‍ വിഷയത്തില്‍ വനംമന്ത്രി കെ രാജു നല്‍കിയ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് യുഡിഎഫും മാണി വിഭാഗവും സഭ ബഹിഷ്‌കരിച്ചു.

കേസിൽ സർക്കാരിന് വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്ന് വനംമന്ത്രി കെ രാജു പറഞ്ഞു. ഒരിഞ്ച് ഭൂമിപോലും സ്വകാര്യവ്യക്തിക്ക് വിട്ടുകൊടുക്കില്ലെന്നും കേസിൽ പുനഃപരിശോധനാഹർജി നൽകിയിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.

നേരത്തെ എല്‍ഡിഎഫ് പ്രവേശനവിഷയവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസിനെതിരെ കടുത്ത നിലപാട് സ്വകീരിച്ച സിപിഐയെ ലക്ഷ്യമിട്ട് മാണി വിഭാഗം പൊന്തന്‍പുഴ വനഭൂമി വിഷയത്തില്‍ ആരോപണമുന്നയിച്ചിരുന്നു. ഏഴ് കോടി രൂപ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പാര്‍ട്ടി പ്രതിനിധിയായ വനംമന്ത്രി കെ രാജുവും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് കോഴ വാങ്ങിയാണ് കേസ് ഹൈക്കോടതിയില്‍ തോറ്റതെന്നായിരുന്നു കേരള കോണ്‍ഗ്രസിന്റെ ആരോപണം. ഈ വിഷയത്തില്‍ തെളിവുകള്‍ ഉണ്ടെന്നും ഇത് മുഖ്യമന്ത്രിക്ക് കൈമാറുമെന്നും ആരോപണം ഉന്നയിച്ച കേരളാ കോണ്‍ഗ്രസ് സ്റ്റീയറിംഗ് കമ്മിറ്റിയംഗവും മുന്‍ എംഎല്‍എയുമായ സ്റ്റീഫന്‍ ജോര്‍ജ് ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

DONT MISS
Top