ജസ്റ്റിസ് ലോയയുടെ മരണം; അന്വേഷണം സുപ്രിം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് ഹര്‍ജി

ബിഎച്ച് ലോയ

ദില്ലി: സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ജഡ്ജിയായിരുന്ന ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം സംബന്ധിച്ചുള്ള അന്വേഷണം സുപ്രിം കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സമിതി വിലയിരുത്തണമെന്നാവശ്യപ്പെട്ട് കോടതിയില്‍ വീണ്ടും പൊതുതാല്‍പര്യ ഹര്‍ജി. അഭിഭാഷകയായ കാമിനി ജയ്‌സ്വാളാണ് ഹര്‍ജി നല്‍കിയത്.

ലോയയുടെ മരണം ഹൃദയാഘാതമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് എംയിസിലെ ഫോറന്‍സിക് വിഭാഗം തലവനായിരുന്ന ആര്‍കെ ശര്‍മ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ജസ്റ്റിസ് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ് ഇപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേസില്‍ പ്രതിയായിരുന്നു.  കേസ് പരിഗണിച്ചുകൊണ്ടിരിക്കവെയാണ് പ്രത്യേക സിബിഐ കോടതി ജഡ്ജിയായിരുന്ന ബിഎച്ച് ലോയ ദുരൂഹമായി മരണപ്പെട്ടത്.

അമിത്ഷാ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിന് പിന്നാലെയാണ് ജഡ്ജിയെ നാഗ്പ്പൂരിലെ ഗസ്റ്റ് ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസില്‍ അമിത് ഷായ്ക്ക് അനുകൂലമായി വിധി പ്രസ്താവിക്കാന്‍ ലോയയ്ക്ക് മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് 100 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി പിന്നീട് സഹോദരി അനുരാധ ബിയാനി വെളിപ്പെടുത്തിയത് കേസില്‍ വഴിതിരിവാകുകയായിരുന്നു.

ലോയ വാഗ്ദാനം നിരസിച്ച് ഒരു മാസത്തിന് ശേഷം മരണപ്പെടുകയായിരുന്നെന്നും അനുരാധ പറഞ്ഞിരുന്നു. തുടര്‍ന്നാണ് മരണത്തില്‍ അന്വേഷണ ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെട്ടത്.

സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനേയും ഭാര്യ കൗസര്‍ബിനേയും ഗുജറാത്ത് പൊലീസ് തീവ്രവാദ ബന്ധമാരോപിച്ച് വെടിവച്ച് കൊന്നതാണ് വിവാദമായ കേസ്. ഈ സംഭവത്തിന് ദൃക്‌സാക്ഷിയായ തുളസിറാം പ്രജാപതിയെ സമാനമായ രീതിയില്‍ കൊലപ്പെടുത്തിയെന്ന് മറ്റൊരു കേസ്. രണ്ട് കേസിലും അമിത് ഷായെ സിബിഐ പ്രതിചേര്‍ത്തിരുന്നു.

DONT MISS
Top