ദേശീയ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെ ഉടന്‍ നിയമിക്കുമെന്ന് ബിസിസിഐ

സികെ ഖന്ന

ദില്ലി: ദേശീയ ജൂനിയര്‍ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച വെങ്കിടേഷ് പ്രസാദിന്റെ ഒഴിവിലേക്ക് പുതിയ നിയമനം ഉടന്‍ നടത്തുമെന്ന് ബിസിസിഐ അറിയിച്ചു. ബോര്‍ഡിന്റെ നിയമങ്ങള്‍ക്കനുസരിച്ച് ഉടന്‍തന്നെ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുമെന്ന് ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സികെ ഖന്ന വ്യക്തമാക്കി.

മുന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആശിഷ് കപൂര്‍, പഞ്ചാബ് ബാറ്റ്‌സ്മാന്‍ അമിത് ശര്‍മ്മ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്. ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്‍പ് അഞ്ചംഗ ജൂനിയര്‍ പാനലില്‍ ഉണ്ടായിരുന്നവരാണ് ഇരുവരും. പിന്നീട് ഇത് മൂന്നുപേരാക്കി ചുരുക്കുകയായിരുന്നു. ആശിഷും അമിതും പരിഗണനയില്‍ ഉണ്ടെന്നും ഈ ആഴ്ചയ്ക്കുള്ളില്‍ തന്നെ ഒഴിവ് നികത്തുമെന്നും സികെ ഖന്ന പറഞ്ഞു.

വെങ്കിടേഷ് പ്രസാദ് കഴിഞ്ഞ ആഴ്ചയാണ് രാജിവെച്ചത്. ഒഴിവ് സംബന്ധിച്ച് താന്‍ സഹപ്രവര്‍ത്തകരോടും മറ്റ് ബിസിസിഐ അംഗങ്ങളോടും സംസാരിച്ചിട്ടുണ്ട്. ഞങ്ങളുടെ പരിഗണനയില്‍ ചില പേരുകള്‍ വന്നിട്ടുണ്ട്. അമിതും ആശിഷും അതില്‍ ഉള്‍പ്പെടും. ബിസിസിഐയുടെ നിയമങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി എത്രയും പെട്ടെന്ന് തന്നെ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കും. ഈ ആഴ്ച അവസാനത്തോടെ അതില്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്ന് തന്നെയാണ് എന്റെ വിശ്വാസം, ഖന്ന കൂട്ടിച്ചേര്‍ത്തു.

അണ്ടര്‍ 19 വേള്‍ഡ് കപ്പില്‍ ഇന്ത്യ വിജയിച്ച് ഒരുമാസം തികയുന്നതിനിടയിലാണ് മുന്‍ പേസര്‍ കൂടിയായ വെങ്കിടേഷ് പ്രസാദ് ഇന്ത്യന്‍ ജൂനിയര്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്. രാജിക്ക് പിന്നാലെ അദ്ദേഹം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ ബൗളിംഗ് കോച്ചായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ബിസിസിഐയോട് പിണങ്ങിയാണ് രാജിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 30 മാസങ്ങളായി ദേശീയ ജൂനിയര്‍ ടീം സെലക്ടറായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് പ്രസാദ്. അണ്ടര്‍ 19 ലോകകപ്പില്‍ ടീം ജയിച്ചിട്ടും മുഖ്യ സെലക്ടറായിരുന്ന പ്രസാദിന് പാരിതോഷികം നല്‍കിയിരുന്നില്ല. എന്നാല്‍ ചില വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു പ്രസാദ് നല്‍കിയ വിശദീകരണം. 2016 ല്‍ സീനിയര്‍ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച പ്രസാദിനെ ബിസിസിഐ ജൂനിയര്‍ ടീമിന്റെ സെലക്ടറായി പിന്നീട് നിയമിക്കുകയായിരുന്നു.

DONT MISS
Top