പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്: മലയാളി ഉള്‍പ്പെടെ നാല് പേര്‍ കൂടി അറസ്റ്റിലായി

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മലയാളി ഉള്‍പ്പെടെ നാല് പേര്‍ കൂടി അറസ്റ്റിലായി. നീരവ് മോദി ഗ്രൂപ്പിലെ ഒരു ഓഡിറ്റര്‍, രണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവരും ഒരു മലയാളിയെയുമാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഗീതാഞ്ജലി കമ്പനി ഡയറക്ടര്‍ പാലക്കാട് അരിയത്ത് ശിവരാമനാണ് അറസ്റ്റിലായ മലയാളി.

27 വര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്തുവരുന്ന ശിവരാമന്‍ നായര്‍ ഏതാനും വര്‍ഷം മുന്‍പാണ് കമ്പനി ഡയറക്ടറായി നിയമിതനായത്. സ്ഥാപനം നിര്‍ദ്ദേശിക്കുംവിധം പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തിരുന്നതെന്നും വ്യക്തിപരമായി ക്രമക്കേടുകള്‍ നടത്തിയിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ നേരത്തെ പ്രതികരിച്ചിരുന്നു.

ചട്ടങ്ങള്‍ പാലിക്കാതെ ജാമ്യരേഖകള്‍ അനുവദിച്ചതിന് നീരവ് മോദിയില്‍ നിന്ന് സ്വര്‍ണ്ണ നാണയങ്ങളും വജ്രാഭരണങ്ങളും പാരിതോഷികമായി ലഭിച്ചിട്ടുണ്ടെന്ന് കേസില്‍ നേരത്തെ അറസ്റ്റിലായ കമ്പനി മാനേജര്‍ യശ്വന്ത് ജോഷി പൊലീസിന് മൊഴി നല്‍കിയിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയില്‍ 11334 കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിരുന്നത്. മുംബൈ ഫോര്‍ട്ടിലെ വീര്‍ നരിമാന്‍ റോഡ് ബ്രാഡിഹൗസ് ശാഖയിലാണ് തട്ടിപ്പ് നടന്നത്. ഇന്ത്യന്‍ ബാങ്കിങ് രംഗത്തെ എക്കാലത്തെയും വലിയ തട്ടിപ്പായാണ് ഇതിനെ വിലയിരുത്തുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി മാനേജറുള്‍പ്പെടെ പത്ത് ജീവനക്കാരെ നേരത്തെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. അനധികൃത ഇടപാടുകള്‍ക്കായി ശതകോടികള്‍ വിവിധ അക്കൗണ്ടികളിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തല്‍.

രത്‌നവ്യാപാരിയായ നീരവ് മോദി, സഹോദരന്‍ നിരാല്‍ മോദി, ഭാര്യ അമി നീരവ് മോദി എന്നിവരുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളുടെ അക്കൗണ്ടിലേക്കാണ് തുക കൈമാറിയിരിക്കുന്നത്. ഈ പണം പിന്നീട് വിദേശത്ത് പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 2011 മുതലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. അക്കൗണ്ടുകളിലൂടെ കോടികളുടെ തിരിമറി നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top