ചൈനയെ പ്രീണിപ്പിക്കാന്‍ ദലൈലാമയോടുള്ള നയത്തില്‍ മാറ്റം: റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍

ദലൈലാമ

ദില്ലി: ചൈനയെ സ​ന്തോഷിപ്പിക്കാനായി ദലൈലാമയോടുള്ള നിലവിലെ നിലപാടില്‍ മാറ്റം വരുത്തില്ലെന്ന്​ കേന്ദ്രസര്‍ക്കാര്‍. ദലൈലാമക്ക്​ സ്വന്തം രാജ്യത്ത്​ മതപരമായ അവകാശങ്ങള്‍ ലഭിക്കണമെന്ന്​ തന്നെയാണ്​ നിലപാടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്​തമാക്കി.

ദലൈലാമയുമായി ബന്ധപ്പെട്ട്​ പരിപാടികളില്‍ നിന്ന്​ വിട്ടുനില്‍ക്കണമെന്ന്​ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയാതായുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്ത്​ വന്നിരുന്നു. ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായാണ്​ ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്നായിരുന്നു വാര്‍ത്തകള്‍. ഇതിനോട്​ പ്രതികരിക്കുകയായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍.

ദലൈലാമയുടെ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട്​ വ്യക്​തവും സ്ഥിരതയുള്ളതാണ്​. ഇന്ത്യയിലെ ജനങ്ങള്‍ ഏറെ ബഹുമാനിക്കുന്നയാളാണ്​ ദലൈലാമ. അദ്ദേഹത്തോടുള്ള നിലപാടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ചൈനയുമായുള്ള ബന്ധം വഷളായി എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിലുള്ള ദലൈലാമയുടെ പരിപാടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയെന്നായിരുന്നു വാര്‍ത്തകള്‍. ഇതിന്റെ ഭാഗമായി മാര്‍ച്ച് അവസാനത്തോടെ നടത്താന്‍ തീരുമാനിച്ചിരുന്ന, ഇന്ത്യയിലെ ടിബറ്റന്‍ ജനതയുടെ അതിജീവനത്തിന്റെ 60 ആം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയെന്നായിരുന്നു വാര്‍ത്തകള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top