ഭാര്യ രാവിലെ എഴുന്നേല്‍ക്കുന്നില്ല, രുചിയുള്ള ഭക്ഷണം ഉണ്ടാക്കുന്നില്ല; വിവാഹമോചന ആവശ്യവുമായി ഭര്‍ത്താവ് കോടതിയില്‍

പ്രതീകാത്മക ചിത്രം

മുംബൈ: ഭാര്യ രാവിലെ എഴുന്നേല്‍ക്കുന്നില്ലെന്നും രുചിയുള്ള ഭക്ഷണം പാകം ചെയ്യുന്നില്ല എന്നീ കാര്യങ്ങള്‍ ചൂട്ടിക്കാട്ടി വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് മുംബൈ സ്വദേശിയായ യുവാവ്. ഭാര്യ തന്റെ കാര്യങ്ങള്‍ ഒന്നും ചെയ്തു തരില്ലെന്നും ഭാര്യയോടൊത്ത് ജീവിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞാണ് യുവാവ് കുടുംബ കോടതിയെ സമീപിച്ചത്.

എന്നാല്‍ ആവശ്യങ്ങള്‍ ന്യായമല്ലെന്ന് കാണിച്ച് യുവാവിന്റെ അപേക്ഷ കുടുംബ കോടതി തള്ളി. തന്റെ അപേക്ഷ തള്ളിയ കുടുംബ കോടതി വിധിക്കെതിരെയായിരുന്നു യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. യുവാവ് പറയുന്ന കാര്യങ്ങള്‍ ന്യായമല്ലെന്നും വിവാഹ മോചനം അനുവദിക്കാന്‍ സാധിക്കില്ലെന്നുമാണ് ഹൈക്കോടതിയും പറഞ്ഞത്.

ഉദ്യോഗസ്ഥയായ യുവാവിന്റെ ഭാര്യ ജോലി കഴിഞ്ഞ് വരുമ്പോള്‍ ഭര്‍ത്താവിനും മാതാവിനും ആവശ്യമായ ഭക്ഷണം വാങ്ങിയാണ് വീട്ടില്‍ തിരിച്ചെത്തുന്നത്. കൂടാതെ വീട്ടിലെ മറ്റ് എല്ലാ ജോലികളും യുവതി ചെയ്യുന്നതായും കോടതി നിരീക്ഷിച്ചു.

രാവിലെ എഴുന്നേല്‍ക്കാന്‍ പറഞ്ഞാല്‍ ഭാര്യ എഴുന്നേല്‍ക്കാന്‍ തയ്യാറാകില്ലെന്നും തന്നെയും മാതാവിനെയും ഇതിന്റെ പേരില്‍ ചീത്ത വിളിക്കുമെന്നും യുവാവ് കോടതിയില്‍ പറഞ്ഞു. ജോലിക്ക് പോയി തിരിച്ചു വരുന്ന തനിക്ക് ഒരു ഗ്ലാസ് വെള്ളം നല്‍കാന്‍ പോലും ഭാര്യ തയ്യാറാകില്ലെന്നും യുവാവ് പറയുന്നു. എന്നാല്‍ ഇതൊന്നും വിവാഹ മോചനത്തിനുള്ള കാരണങ്ങളായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top