എറണാകുളം രൂപതയുടെ ഭൂമിയിടപാടില്‍ കുരുക്ക് മുറുകുന്നു; അന്വേഷണം നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനം

മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: സീറോ മലബാര്‍ സഭയുടെ കീഴില്‍ വരുന്ന എറണാകുളം- അങ്കമാലി അതിരൂപതയുടെ വിവാദമായ ഭൂമി വില്‍പ്പനക്കേസില്‍ കേന്ദ്രസാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം നടത്തുന്നു. ഭൂമിയിടപാടില്‍ സീറോ മലബാര്‍ സഭാതലവനും എറണാകുളം അതിരൂപതാധ്യക്ഷനുമായ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്. ഇതിന് പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണവും വരുന്നത്.

എറണാകുളം നഗരത്തിന്റെ ഹൃദയഭാഗങ്ങളില്‍ അഞ്ചിടത്തായി രൂപതയ്ക്കുണ്ടായിരുന്ന മൂന്നേക്കറോളം ഭൂമി വില്‍പ്പന നടത്തിയതാണ് വിവാദമായത്. ഭൂമി കച്ചവടം നടന്നെങ്കിലും മുഴുവന്‍ തുകയും രൂപതയ്ക്ക് കിട്ടാതെ വരുകയും രൂപതയ്ക്ക് 70 കോടിയിലധികം രൂപയുടെ സാമ്പത്തിക ബാധ്യത വന്നതുമാണ് വിവാദത്തിനും തുടര്‍ന്ന് വന്ന കേസിനും ആധാരം.

78 കോടി രൂപയുടെ സാമ്പത്തിക ഇടപാടാണ് ഈ ഭൂമി കച്ചവടത്തില്‍ നടന്നതന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രാഥമിക വിലയിരുത്തല്‍. ഭൂമി വിറ്റതിന്റെയും വാങ്ങിയതിന്റെയും കണക്കുകളാണ് ഈ 78 കോടി രൂപ. ഇടപാടില്‍ നടന്ന പണം എവിടെ നിന്നാണ് എത്തിയതെന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്. വിദേശപണമിടപാട് ചട്ടലംഘനം ഇടപാടില്‍ നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇടപാടില്‍ പണം മുടക്കിയത് ആരെല്ലാമെന്നും ഇഡി അന്വേഷിക്കും.

ഭൂമിയിടപാടിന്റെ ഭാഗമായി അതിരൂപത രണ്ട് ഇടങ്ങളില്‍ ഭൂമി വാങ്ങുകയും ചെയ്തിരുന്നു. ഈ ഇടപാടിന് രൂപതയ്ക്ക് പണം എവിടെ നിന്ന് ലഭിച്ചുവെന്നതും അന്വേഷണ പരിധിയില്‍ വരും. ഭൂമി കച്ചവടത്തില്‍ ഹവാല ഇടപാട് നടന്നതായും എന്‍ഫോഴ്‌സ്‌മെന്റ് സംശയിക്കുന്നുണ്ട്. ഭൂമിയിടപാടില്‍ രൂപതയ്ക്ക് കിട്ടിയ പണം എവിടെയാണ് നിക്ഷേപിച്ചതെന്ന കാര്യവും പരിശോധിക്കും.

നോട്ട് നിരോധനത്തെ തുടര്‍ന്നാണ് ഭൂമിയിടപാട് കൃത്യമായി നടക്കാതെ പോയതെന്നും ഇതാണ് രൂപതയ്ക്ക് സാമ്പത്തികബാധ്യതയുണ്ടാക്കിയതെന്നുമാണ് രൂപതാധികൃതര്‍ പറയുന്നത്. എന്നാല്‍ ഇടപാടിന് നോട്ട് നിരോധനം തിരിച്ചടിയായില്ലന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനിച്ചത്. 2016 ജൂണ്‍ 19 മുതല്‍ 2017 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ കൊച്ചിനഗരത്തോട് ചേര്‍ന്നുള്ള അഞ്ച് സ്ഥലങ്ങളാണ് അതിരൂപത വില്‍പ്പന നടത്തിയത്.

എറണാകുളം അതിരൂപതയിലെ സാമ്പത്തിക ബാധ്യത അവസാനിപ്പിക്കാനായി രൂപതയുടെ കീഴില്‍, എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തുണ്ടായിരുന്ന മൂന്നേക്കറിലധികം ഭൂമി കച്ചവടം ചെയ്തതും എന്നാല്‍ ഉദ്ദേശിച്ച വില ലഭിക്കാതിരിക്കുകയും രൂപതയുടെ സാമ്പത്തിക ബാധ്യത 70 കോടിയോളമായി ഉയരുകയും ചെയ്തതാണ് വന്‍ വിവാദമായത്. ഇടനിലക്കാരന്റെ തട്ടിപ്പിന് രൂപതാധ്യക്ഷന്‍ മാര്‍ ആലഞ്ചേരിയും ഫിനാന്‍സ് ഓഫീസര്‍, വികാരി ജനറല്‍ എന്നീ സ്ഥാനങ്ങളിലുള്ള വൈദികരും അനുവാദം കൊടുത്തുവെന്നായിരുന്നു ആരോപണം. രൂപതയിലെ വൈദികരില്‍ ഭൂരിഭാഗവും സഹായമെത്രാന്മാരായ രണ്ടുപേരും കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരേ നിലപാട് സ്വീകരിക്കുകയും വിശ്വാസികളില്‍ ഒരു വിഭാഗം ഇവര്‍ക്കൊപ്പം ചേരുകയും ചെയ്തതോടെയാണ് വിവാദം ശക്തമായത്.

DONT MISS
Top