“ഒളിച്ചുപിടിച്ച് മുലപ്പാല്‍ നല്‍കുന്ന യാഥാസ്ഥിതികത്വത്തില്‍നിന്ന് എന്റെ നാട് എന്നാണ് മോചിതമാവുക?”, തുറന്ന മുലയൂട്ടല്‍ ക്യാമ്പയിന് പിന്തുണയുമായി ജയശ്രീ മിശ്ര

മറച്ചുപിടിക്കാതെ മുലയൂട്ടുന്ന ഒരു മോഡലിനെ കവര്‍ചിത്രമാക്കി പുറത്തുവന്ന ഗൃഹലക്ഷ്മി എന്ന പ്രസിദ്ധീകരണത്തിന്റെ പുതുലക്കമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. പുരോഗമന ചിന്താഗതി വച്ചുപുലര്‍ത്തുന്ന ഒരു വലിയ വിഭാഗം ആളുകള്‍ ഇതിനെ പിന്തുണയ്ക്കുമ്പോള്‍ മതമൗലിക വാദികളും കപട സദാചാരബോധം പേറുന്നവരും യാഥാസ്ഥിതികരും ഇതിനെ എതിര്‍ക്കുന്നുമുണ്ട്.

പല പ്രമുഖരും ഇതൊരു ക്യാമ്പയിനായി ഉയര്‍ത്തിക്കൊണ്ടുവരേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നുണ്ട്. ഇപ്പോള്‍ മലയാളിയായ ഇംഗ്ലീഷ് നോവലിസ്റ്റ് ജയശ്രീ മിശ്രയും ഇതിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നു. തകഴി ശിവശങ്കരപ്പിള്ളയുടെ അനന്തരവന്റെ മകള്‍കൂടിയാണ് ജയശ്രീ. ഗൃഹലക്ഷ്മിയുടെ മാതൃസ്ഥാപനമായ മാതൃഭൂമി പത്രത്തെ ജയശ്രീ മിശ്ര പുകഴ്ത്തി.

“ഇതൊരു ചര്‍ച്ചയാക്കി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ മാതൃഭൂമിക്ക് അഭിനന്ദനങ്ങള്‍. മുലയുടെ പ്രധാന ധര്‍മം കുഞ്ഞിന് പാലുനല്‍കുക എന്നതാണെന്ന് ആളുകള്‍ മറക്കുന്നതെന്തേ? എന്റെ സ്വന്തം നാടായ കേരളം എന്നാണ് ഈ യാഥാസ്ഥിതികത്വത്തില്‍നിന്ന് രക്ഷനേടുന്നത്?”, അവര്‍ തന്റെ സോഷ്യല്‍ മീഡിയ കുറിപ്പില്‍ ചോദിച്ചു.

ജിലു ജോസഫ് എന്ന മോഡലാണ് ഗൃഹലക്ഷ്മിയുടെ പുറംതാളിനായി പാലുകൊടുക്കുന്ന അമ്മയായത്. അവരുടെ തന്റേടത്തേയും കാഴ്ച്ചപ്പാടിനേയും പുകഴ്ത്തി നിരവധി ആളുകള്‍ രംഗത്തുവരുന്നുണ്ട്. ഒരു പുതിയ രീതിക്ക് തുടക്കവും തുറിച്ചുനോട്ടങ്ങളുടെ അവസാനവുമായി ഈ ക്യാമ്പയിന്‍ മാറട്ടെ എന്ന് പുരോഗമന ചിന്താഗതി വച്ചുപുലര്‍ത്തുന്ന ഒരു വലിയ വിഭാഗം ആളുകള്‍ പ്രതീക്ഷിക്കുന്നുമുണ്ട്.

DONT MISS
Top