റയലിന് ഞെട്ടിക്കുന്ന തോല്‍വി; എസ്പാനിയോള്‍ തകര്‍ത്തത് ഒരു ഗോളിന്

മത്സരത്തിനിടെ

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് വീണ്ടും ഞെട്ടിക്കുന്ന തോല്‍വി. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ റയല്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ തുടര്‍ച്ചയായി വിജയിച്ചെങ്കിലും കഴിഞ്ഞ ദിവസത്തെ തോല്‍വിയില്‍ ന്യായീകരണങ്ങളൊന്നുമില്ല. അത്ര ശക്തരല്ലാത്ത എസ്പാനിയോളാണ് റയലിനെ ഒരു ഗോളിന് തോല്‍പ്പിച്ചത്. പത്തുവര്‍ഷത്തിനിടയില്‍ എസ്പാനിയോളിനോടേല്‍ക്കുന്ന ആദ്യ തോല്‍വിയാണിതെന്നത് ആഘാതം വര്‍ധിപ്പിക്കുന്നു. സീസണിലെ അഞ്ചാം തോല്‍വിയെന്നതിനേക്കാള്‍ പോയിന്റ് ടേബിളില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് അരികിലെത്താനുള്ള അവസരവും അവര്‍ നഷ്ടമാക്കി.

ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിശ്രമം നല്‍കിയാണ് സിദാന്‍ ആദ്യ ഇലവനെ ഇറക്കിയത്. കരിം ബെന്‍സേമയേയും ഉപയോഗിച്ചിരുന്നില്ല. പകരം ബെയ്‌ലും ഇസ്‌കോയുമായിരുന്നു മുന്നേറ്റനിരയില്‍. രണ്ടുപേരും നിരവധി അവസരങ്ങള്‍ പാഴാക്കുകയും ചെയ്തു. രണ്ടുതവണ കൂടി റയലിന്റെ വലയില്‍ എസ്പാനിയോള്‍ പന്തെത്തിച്ചിരുന്നു. രണ്ടും റഫറി ഓഫ് സൈഡ് വിധിക്കുകയും ചെയ്തു. അല്ലാതിരുന്നെങ്കില്‍ റയലിന് വലിയ തോല്‍വി വഴങ്ങേണ്ടി വരുമായിരുന്നു.

നടപ്പുസീസണില്‍ കനത്ത തോല്‍വികളാണ് റയലിന് സംഭവിച്ചു കൊണ്ടിരിക്കുന്നത്. കിംഗ്‌സ് കപ്പില്‍ ലഗാനസിനോട് ക്വാര്‍ട്ടറില്‍ തോറ്റു. ലീഗില്‍ ടീം മൂന്നാം സ്ഥാനത്ത് നിന്ന് കരകയറുന്നില്ല. ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ-ക്വാര്‍ട്ടറില്‍ പിഎസ്ജി യെ 3-1-ന് തോല്‍പ്പിക്കാനായത് മാത്രമാണ് എടുത്തുപറയാവുന്നൊരു വിജയം. കരിംബെന്‍സേമയ്ക്ക് സിദാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നു എന്ന പരാതി സജീവമാണ്. വിജയപരാജയങ്ങളില്‍ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സിദാന്‍ ഇന്നലെ ആദ്യമായി അവരുടെ പ്രകടനത്തില്‍ നീരസം പ്രകടിപ്പിക്കുകയും ചെയ്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top