”ശ്രീദേവി ഞങ്ങളുടെ ലോകത്തെ നിലാവ്”; ഭാര്യയുടെ മരണത്തില്‍ കണ്ണീരോടെ ബോണി കപൂര്‍

ശ്രീദേവിയും ബോണി കപൂറും

സിനിമാ ലോകത്തിന് ഇപ്പോഴും വിശ്വസിക്കാനാകാത്ത വാര്‍ത്തയാണ് നടി ശ്രീദേവിയുടെ മരണം. ഭാര്യയുടെ മരണത്തില്‍ കണ്ണീരോടെ ഭര്‍ത്താവ് ബോണി കപൂര്‍ ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ ആരാധകരെ ഈറനണിയിക്കുകയാണ്. ശ്രീദേവിയുടെ സംസ്‌കാരത്തിന് ശേഷം താരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ബോണി കപൂര്‍ അവസാനമായി കുറിപ്പ് ട്വീറ്റ് ചെയ്തത്.

തനിക്ക് നഷ്ടപ്പെട്ടത് സുഹൃത്തിനെയും ഭാര്യയെയും തന്റെ മക്കളുടെ അമ്മയെയുമാണ്. അത്  വാക്കുകള്‍കൊണ്ട് വിശദീകരിക്കാനാകുന്നില്ല. തനിക്കൊപ്പം ഉറച്ച് നിന്ന ബന്ധുക്കള്‍, സുഹൃത്തുക്കള്‍ ശ്രീദേവിയുടെ ആരാധകര്‍ എന്നിവരോട് നന്ദി അറിയിക്കുന്നു. അര്‍ജുന്റെയും അന്‍ഷുലയുടെയും പൂര്‍ണ പിന്തുണ ലഭിച്ചതായും തനിക്കും മക്കളായ ഖുശിയ്ക്കും ജാന്‍വിയ്ക്കും അവര്‍ താങ്ങായിരുന്നുവെന്നും ബോണി ട്വിറ്ററില്‍ കുറിക്കുന്നു.

തങ്ങളുടെ ലോകത്തെ നിലാവായിരുന്നു ശ്രീദേവി. അവര്‍ക്ക് നടിയായിരുന്നു എന്നാല്‍ തനിക്ക് അവള്‍ പ്രണയിനിയായിരുന്നു. തങ്ങളുടെ രണ്ട് മക്കളുടെ അമ്മയായിരുന്നു. മക്കള്‍ക്ക് എല്ലാമായിരുന്നു അവള്‍. അവളായിരുന്നു ഈ കുടുംബത്തിന്റെ നെടുംതൂണ്‍. ബോണി കപൂര്‍ ട്വിറ്ററില്‍ കുറിച്ചു.

ശ്രീദേവിയുടെ മൃതദേഹം ഇന്നലെയാണ് മുംബൈയില്‍ സംസ്‌കരിച്ചത്. ചലച്ചിത്ര പ്രവര്‍ത്തകരടക്കം നിരവധി പേരാണ് താരത്തെ ഒരു നോക്ക് കാണാന്‍ മുംബൈയിലെ സെലിബ്രേറ്റി സ്‌പോര്‍ട്‌സ് ക്ലബിലേക്കും വില്ലെപാര്‍ലെ സേവ സമാജ് ശ്മശാനത്തിലേക്കും എത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു ദുബായിലെ ഹോട്ടലിലെ ബാത്ത്ടബ്ബില്‍ ശ്രീദേവിയുടെ മുങ്ങിമരണം. ചൊവ്വാഴ്ചയാണ് മൃതദേഹം ഇന്ത്യയിലെത്തിച്ചത്.

DONT MISS
Top