വീര്യമുള്ള മദ്യമൊന്നും അവര്‍ കഴിക്കില്ല: ശ്രീദേവിയുടേത് കൊലപാതകമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

പ്രതീകാത്മക ചിത്രം

ദില്ലി: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത ഉയരുന്നതിനിടെ താരത്തിന്റേത് കൊലപാതകമാണെന്ന സംശയവുമായി സുബ്രഹ്മണ്യന്‍ സ്വാമി. മരണത്തിലേക്ക് നയിക്കാന്‍ മാത്രം വീര്യമുള്ള മദ്യമൊന്നും താരം കഴിക്കില്ലെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.

അവര്‍ ഒരിക്കലും വീര്യമുള്ള മദ്യം കഴിക്കില്ല, ആരെങ്കിലും തള്ളിയിടാതെ ബാത്ത്‌റൂമില്‍ വീണ് ഒരിക്കലും ഒരാള്‍ മരിക്കില്ല. നമുക്ക് പ്രോസിക്യൂഷന്റെ വിധി പുറത്തുവരുന്നത് വരെ കാത്തിരിക്കാം. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ല. വീര്യമേറിയ മദ്യം കഴിക്കാത്ത അവരുടെയുള്ളില്‍ പിന്നെങ്ങനെയാണ് മദ്യം എത്തിയത് ? അവിടുത്തെ സിസിടിവി ക്യാമറയ്ക്ക് എന്ത് സംഭവിച്ചു? ഡോക്ടര്‍മാര്‍ പെട്ടെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് ഹൃദയസ്തംഭനമാണെന്ന് പറയുകയായിരുന്നു, എന്റെ അഭിപ്രായത്തില്‍ അതൊരു കൊലപാതകമാണ്, സ്വാമി കൂട്ടിച്ചേര്‍ത്തു.

അതേസമയം ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയതിനെ തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് വിട്ടിരിക്കുകയാണ്. ഭര്‍ത്താവ് ബോണി കപൂറിനെ ദുബായ് പൊലീസ് ചോദ്യം ചെയ്തു. ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് പൊലീസ് പിടിച്ചുവെച്ചതായാണ് വിവരം. ശ്രീദേവിയെ ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍ ആദ്യം കണ്ടെത്തിയത് ബോണി കപൂറായിരുന്നു. ശ്രീദേവിയുടെ മരണം ഹൃദയാഘാതം മൂലമല്ലെന്നും മുങ്ങിമരണമാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്.

യുഎഇയിലെ റാസല്‍ഖൈമയില്‍ ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹചടങ്ങിനിടെ ശനിയാഴ്ച രാത്രിപതിനൊന്നരയോടെ ശ്രീദേവി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ റാസല്‍ഖൈമയിലെ ചടങ്ങിന് ശേഷം ശ്രീദേവി കുടുംബസമേതം ദുബായില്‍ താമസിച്ചിരുന്ന എമിറേറ്റ്‌സ് ടവര്‍ ഹോട്ടലില്‍ തിരികെയെത്തിയെന്നും ഇവിടെവച്ച് ബാത്ത് റൂമില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് മരണമുണ്ടായതെന്നും പിന്നീട് വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍ ബാത്ത് ടബ്ബില്‍ മുങ്ങിയാണ് മരണമുണ്ടായതെന്ന് ഫോറന്‍സിക് അധികൃതര്‍ നടത്തിയ വിദഗ്ധപരിശോധനയില്‍ വ്യക്തമാകുകയായിരുന്നു. അപകടത്തില്‍പ്പെട്ട് മുങ്ങിമരിച്ചെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്നലെ വൈകുന്നേരം മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നാണ് അറിയിച്ചിരുന്നുവെങ്കിലും ഫോറന്‍സിക് പരിശോധന വൈകിയതിനെ തുടര്‍ന്ന് ഇതിന് സാധിച്ചില്ല. ഇന്നലെ വൈകുന്നേരത്തോടെ അനില്‍ അംബാനിയുടെ സ്വകാര്യവിമാനം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോരാന്‍ ദുബായില്‍ എത്തിയിരുന്നു. എന്നാല്‍ നടപടിക്രമം വൈകിയത് മൂലം മൃതദേഹവുമായി പോരാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം, ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തില്‍ മദ്യലഹരിയില്‍ ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ചതാകുമെന്ന് സംശയിച്ചിരുന്നു. എന്നാല്‍ ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ടെന്ന വാര്‍ത്ത ഏറെ ഗൗരവമുള്ളതാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top