ഗൗരിനേഹയുടെ മരണം: ട്രിനിറ്റി സ്‌കൂളിന്റെ എന്‍ഒസി റദ്ദ് ചെയ്യാന്‍ ഡിപിഐ ശുപാര്‍ശ

കൊല്ലം ട്രിനിറ്റി സ്‌കൂള്‍

കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഹ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട കൊല്ലം ട്രിനിറ്റിലൈസിയം സ്‌കൂളിന്റെ എന്‍ഒസി റദ്ദ് ചെയ്യാന്‍ ഡിപിഐ സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തു. എന്‍ഒസി നല്‍കുമ്പോള്‍ സ്‌കൂള്‍ മാനേജ്‌മെന്റ് പാലിക്കേണ്ട വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ഇനി പൊതു വിദ്യാഭ്യാസ സെക്രട്ടറിയാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്. അതേസമയം ഗൗരിയുടെ മരണം സിബിഐ അന്വേഷിക്കണമെന്നുള്ള മാതാപിതാക്കളുടെ ആവശ്യത്തിന്മേല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. മാര്‍ച്ച് അഞ്ചിന് മുന്‍പ് തീരുമാനം അറിയിക്കണമെന്നാണ് കമ്മീഷണ്‍ അംഗം കെ മോഹന്‍ കുമാറിന്റ ഉത്തരവ്.

ഗൗരിനേഹ ജീവനൊടുക്കിയ കേസില്‍ സമൂഹത്തെയും സര്‍ക്കാരിനേയും വെല്ലുവിളിച്ച് ആരോപണവിധേയരായ അധ്യാപികമാരെ സസ്പന്‍ഷന്‍ പിന്‍വലിച്ച് പൂവ് നല്‍കിയും കേക്ക് മുറിച്ചും സ്വീകരിച്ച പ്രിന്‍സിപാളിനെതിരെ നടപടി സ്വീകരിക്കാതിരിക്കുകയും ഇതില്‍ വിശദീകരണം ചോദിച്ച കൊല്ലം വിദ്യാഭ്യാസ ഡെപ്പ്യൂട്ടി ഡയറക്ടര്‍ക്കെതിരെ ആരോപണം ഉന്നയിച്ച് മറുപടി നല്‍കിയ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നിലപാടാണ് തുടര്‍ നടപടിക്ക് വിദ്യാഭ്യാസ വകുപ്പിനെ പ്രേരിപ്പിച്ചത്. സ്‌കൂളിന്റെ സാമൂഹിക പ്രതിബദ്ധത നഷ്ടപെട്ടു, വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെ വര്‍ഗ്ഗീയമായി കാണുകയും ചെയ്തു എന്നാണ് ഡിഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജില്ലാ ഭരണകൂടം ഇടപെട്ടുണ്ടാക്കിയ പരിഹാര നടപടികളെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി-യുവജന പ്രതിഷേധം തണുത്തത്, എന്നാല്‍ അധ്യാപികമാരെ ആഘോഷപൂര്‍വ്വം സ്വീകരിക്കാന്‍ പ്രിന്‍സിപ്പാള്‍ ജോണ്‍ തന്നെ നേതൃത്വം കൊടുത്തതോടെ സ്‌കൂളിലെ ഒരു കൂട്ടം ജീവനക്കാര്‍ക്ക് സാമൂഹിക പ്രതിബദ്ധതയുള്ള മതേതര കാഴ്ചപ്പാടോടെ വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാന്‍ കഴിയില്ലെന്ന് ബോധ്യമായെന്നും ഡിഡി ഡിപിഐക്ക് എന്‍ഒസി റദ്ദ് ചെയ്യാന്‍ നല്‍കിയ ശുപാര്‍ശ ഉള്‍പ്പെട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ശരിവെച്ചാണ് ഇപ്പോള്‍ ഡിപിഐയ്യും സ്‌കൂളിന്റെ എന്‍ഒസി റദ്ദ് ചെയ്യാന്‍ വിദ്യാഭ്യാസ സെക്രട്ടറിക്ക് ശുപാര്‍ശ ചെയ്തത്.

ട്രിനിറ്റി ലൈസിയം സ്‌കൂള്‍ ഉള്‍പ്പടെ സിബിഎസ്ഇ ഐസിഎസിഇ സ്‌കൂളുകളുടെ സിലബസ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിലല്ലെങ്കിലും സ്‌കൂളിന്റെ പ്രവര്‍ത്തനം പരിശോധിക്കാനും വീഴ്ച ഉണ്ടായാല്‍ നപടി സ്വീകരിക്കാനും അധികാരമുണ്ടെന്ന സന്ദേശം നല്‍കുക എന്ന ലക്ഷ്യവും വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്ക് പിന്നില്‍ ഉണ്ട്. അതേസമയം ഗൗരിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ രണ്ടാഴ്ചക്കകം ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമീഷന്‍ ഉത്തരവിട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് പരാതി നല്‍കിയിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

DONT MISS
Top