ത്രിരാഷ്ട്ര ട്വന്റി20: പ്രധാന താരങ്ങള്‍ക്ക് വിശ്രമം, രോഹിത് ടീമിനെ നയിക്കും

രോഹിത് ശര്‍മ്മ

ദില്ലി: അടുത്തമാസം ആറിന് തുടങ്ങാനിരിക്കുന്ന ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ്മ നയിക്കും. വരാനിരിക്കുന്ന ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റുകള്‍ പരിഗണിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി, വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണി, ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുള്‍പ്പെടെ പ്രമുഖ താരങ്ങള്‍ക്ക് ബിസിസിഐ വിശ്രമം അനുവദിച്ചു.

ശ്രീലങ്കയില്‍ വെച്ചാണ് നിഥാഹസ് ട്രോഫിക്കുള്ള ത്രിരാഷ്ട്ര ടൂര്‍ണമെന്റ് നടക്കുന്നത്. ശിഖര്‍ ധവാനാണ് വൈസ് ക്യാപ്റ്റന്‍. ധോണിയുടെ അഭാവത്തില്‍ ദിനേശ് കാര്‍ത്തിക്കാണ് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള അവസാന ട്വന്റി20 മത്സരത്തില്‍ ടീമിനെ നയിച്ചത് രോഹിത് ശര്‍മ്മയായിരുന്നു. കൂടാതെ കഴിഞ്ഞ ഡിസംബറില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന-ട്വന്റി പരമ്പരയിലും രോഹിതായിരുന്നു ക്യാപ്റ്റന്‍. അവയിലെല്ലാം തന്നെ ജയവും ഇന്ത്യക്കൊപ്പം ആയിരുന്നു.

കോഹ്‌ലി, ധോണി, പാണ്ഡ്യ, എന്നിവര്‍ക്ക് പുറമെ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ക്കും ബിസിസിഐ വിശ്രമം അനുവദിച്ചിട്ടുണ്ട്. വരാനിരിക്കുന്ന നാളുകളില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ദൈര്‍ഘ്യമേറിയ ടൂര്‍ണ്ണമെന്റുകളാണ്. അതുകൊണ്ട് തന്നെയാണ് പ്രധാന താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാന്‍ ബിസിസിഐ തയ്യാറായതും. ധോണിയും, കോഹ്‌ലിയും വിശ്രമം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ധോണി സെലക്ഷന്‍ ഘട്ടത്തില്‍ എത്തിയിരുന്നില്ലെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കി.

വിരാട് കോഹ്‌ലി, എംഎസ് ധോണി

ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം പുതുമുഖം വിജയ് ശങ്കര്‍ ടീമില്‍ ഇടംനേടി. ബറോഡ ബാറ്റ്‌സ്മാന്‍ ദീപക് ഹൂഡ, ഹൈദരാബാദ് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ്, ഋഷഭ് പന്ത്, എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ട മറ്റ് താരങ്ങള്‍. താരതമ്യേന യുവനിരയാണ് ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യയ്ക്കായി അണിനിരക്കുന്നത്. പരുക്കില്‍ നിന്ന് പൂര്‍ണ്ണമായി മുക്തി നേടാനാണ് ഫാസ്റ്റ് ബോളേഴ്‌സിനുള്‍പ്പെടെ മതിയായ വിശ്രമം അനുവദിച്ചതെന്നും സെലക്ഷന്‍ കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ടീം- രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍(വൈസ് ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, സുരേഷ് റെയ്‌ന, മനീഷ് പാണ്ടെ, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, വിജയ് ശങ്കര്‍, ശര്‍ദുള്‍ താക്കൂര്‍, ജയദേവ് ഉനദ്ഘട്ട്, മുഹമ്മദ് സിറാജ്, ഋഷഭ് പന്ത്.

DONT MISS
Top