‘എന്താണെന്ന് അറിയില്ല, മനസ് അസ്വസ്ഥമാകുന്നു’ ശ്രീദേവിയുടെ മരണത്തിന് തൊട്ടുമുന്‍പ് ബച്ചന്റെ ട്വീറ്റ്

ശ്രീദേവിയും ബച്ചനും ഇംഗ്ലീഷ് വിംഗ്ലീഷില്‍

‘എന്താണെന്ന് അറിയില്ല, മനസ് വല്ലാതെ അസ്വസ്ഥമാകുന്നു’. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയുടെ മരണത്തിന് തൊട്ടുമുന്‍പ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് ഇങ്ങനെയായിരുന്നു. ശ്രീദേവിയുടെ മരണത്തിന് ഏതാനും മിനിറ്റ് മാത്രം മുന്‍പായിരുന്നു ബച്ചന്റെ ട്വീറ്റ് വന്നത്.

ശ്രീദേവിയുടെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ബച്ചന്റെ ആശങ്ക അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഏതാനും മിനിറ്റിനകം സംഭവിക്കുകയായിരുന്നു ശ്രീദേവിയുടെ മരണത്തോടെ. ബച്ചന്റെ ഈ ട്വീറ്റ് ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു.

ശ്രീദേവിയുടെ വിയോഗം സംബന്ധിച്ച് അമിതാഭ് ബച്ചന് കിട്ടിയ മുന്‍സൂചനയാണ് അദ്ദേഹത്തിന്റെ ട്വീറ്റിലൂടെ വന്നതെന്ന് ബോളിവുഡ് കരുതുന്നു. ബച്ചന്റെ സിക്‌സ്ത് സെന്‍സ് ആണ് ഈ അസ്വസ്ഥത അദ്ദേഹത്തിനുണ്ടാക്കിയതെന്ന് ആരാധകരും പറയുന്നു. ശ്രീദേവിയുടെ മരണം മുന്നില്‍ക്കണ്ടെന്ന വിധം പുറത്തുവന്ന ആ ട്വീറ്റിന് ശേഷം ബച്ചന്‍ പിന്നീട് ഇതുവരെ ട്വീറ്റ് ചെയ്തിട്ടില്ല.

ബച്ചന്‍ -ശ്രീദേവി ജോഡികള്‍ ഒരുകാലത്ത് ബോളിവുഡിലെ സൂപ്പര്‍ കോമ്പിനേഷനായിരുന്നു. ശ്രീദേവിയുടെ തിരിച്ചുവരവ് ചിത്രമായ 2012 ലെ ‘ഇംഗ്ലീഷ് വിംഗ്ലീഷി’ല്‍ അതിഥി വേഷത്തില്‍ ബച്ചന്‍ എത്തിയിരുന്നു.

യുഎഇയിലെ റാസല്‍ഖൈമയില്‍ ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാർവയുടെ വിവാഹചടങ്ങിനിടെ ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു ശ്രീദേവിയുടെ അന്ത്യം. ഹൃദയാഘാതമായിരുന്നു കാരണം.

DONT MISS
Top