കോടിയേരി സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തുടരും; 87 അംഗ പുതിയ സംസ്ഥാനകമ്മിറ്റിയായി

കോടിയേരി ബാലകൃഷ്ണന്‍

തൃശൂര്‍: സിപിഐഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. തൃശൂരില്‍ തുടരുന്ന പാര്‍ട്ടി സമ്മേളനത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമായി. 87 പേര്‍ അടങ്ങിയ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു. സമവായത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഈ പാനല്‍ ഉച്ചയോടെ സമ്മേളനത്തില്‍ അവതരിപ്പിക്കും.

നിലവില്‍ സംസ്ഥാന സമിതിയിലുള്ള ഒന്‍പത് പേരെ ഒഴിവാക്കിയാണ് പുതിയ പാനല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് പകരം പത്ത് പുതുമുഖങ്ങളെ പുതമുഖങ്ങളെ സംസ്ഥാനസമിതിയില്‍ ഉള്‍പ്പെടുത്തി.

കാസര്‍ഗോഡ് നിന്ന് സിഎച്ച് കുഞ്ഞമ്പു, കണ്ണൂരില്‍ നിന്ന് എഎന്‍ ഷംസീര്‍, കോഴിക്കോട് നിന്ന് പിഎ മുഹമ്മദ് റിയാസ്, ഗിരിജാ സുരേന്ദ്രന്‍ (പാലക്കാട്), വയനാട്ടില്‍ നിന്ന് പുതിയ ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, മലപ്പുറത്തെ പുതിയ ജില്ല സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ്, ആലപ്പുഴയില്‍ നിന്ന് ആര്‍ നാസര്‍, കൊല്ലത്ത് നിന്ന് കെ സോമപ്രസാദ്, പാലക്കാട് നിന്ന് കെവി രാമകൃഷ്ണന്‍ തുടങ്ങിയവരാണ് പുതിയ സംസ്ഥാനസമിതിയില്‍ ഇടംപിടിച്ചവര്‍.

കെ കുഞ്ഞിരാമന്‍, ടികെ ഹംസ, സികെ സദാശിവന്‍, പിരപ്പിന്‍കോട് മുരളി, പി ഉണ്ണി, കെ കുഞ്ഞിരാമന്‍, കെഎം സുധാകരന്‍, സിഎ മുഹമ്മദ്, എന്‍കെ രാധ എന്നിവരെയാണ് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്.മുതിര്‍ന്ന നേതാക്കളായ വിഎസ്അച്യുതാനന്ദന്‍, പാലൊളി മുഹമ്മദ് കുട്ടി, കെഎന്‍ രവീന്ദ്രനാഥ്, പികെ ഗുരുദാസന്‍, എംഎം ലോറന്‍സ് എന്നിവര്‍ സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളാണ്.

സിപിഐഎം സംസ്ഥാനസമിതിയിലെ പുതുമുഖങ്ങള്‍

അതേസമയം, നേരത്തെ സംസ്ഥാന കമ്മിറ്റയില്‍ നിന്ന് പുറത്താക്കപ്പെട്ട എറണാകുളത്ത് നിന്നുള്ള നേതാവായ ഗോപി കോട്ടമുറിക്കല്‍ സംസ്ഥാനകമ്മിറ്റിയില്‍ തിരിച്ചെത്തിയെന്നത് പ്രത്യേകതയാണ്. നേരത്തെ വിഎസ് പക്ഷക്കാരനായി അറിയപ്പെട്ടിരുന്ന ഗോപി കോട്ടമുറിക്കല്‍ പിന്നീട് ഔദ്യോഗിക പക്ഷത്തേക്ക് ചുവട് മാറ്റിയിരുന്നു. ഇതിന് പിന്നാലെ ഓഫീസിലെ ഒളി ക്യാമറ ഓപ്പറേഷനും ലൈംഗിക ആരോപണമുയരുകയും ചെയ്ത ഗോപി കോട്ടമുറിക്കലിന് ജില്ലാ സെക്രട്ടറിസ്ഥാനവും സംസ്ഥാനകമ്മിറ്റിയിലെ സ്ഥാനവും നഷ്ടമായിരുന്നു. എന്നാല്‍ ഈ ഘട്ടത്തിലെല്ലാം ഗോപി കോട്ടമുറിക്കലിനെ സംരക്ഷിക്കുന്ന നിലപാടാണ് ഔദ്യോഗിക വിഭാഗം സ്വീകരിച്ചത്.

DONT MISS
Top