അരങ്ങൊഴിഞ്ഞത് വിസ്മയ താരം, ശ്രീദേവിയ്ക്ക് വിട ചൊല്ലി ചലച്ചിത്ര ലോകം

ഫയല്‍ചിത്രം

സിനിമാലോകത്ത് വിജയിച്ച നായികമാര്‍ ചുരുക്കം പേരെ കാണൂ. അത്തരം നായികമാരില്‍ എന്നും മുന്‍നിരയിലായിരുന്നു വിടവാങ്ങിയ നടി ശ്രീദേവി. തമിഴില്‍ തുടങ്ങി പിന്നീട് ബോളിവുഡ് വരെ തിളങ്ങിയ താരം ഇന്നും സിനിമാ ലോകത്ത് ഒരു അത്ഭുതം തന്നെയാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ വനിതാ സൂപ്പര്‍ സ്റ്റാര്‍.

ബാലതാരമായി വന്ന് അരങ്ങേറ്റം കുറിച്ച ശ്രീദേവി പിന്നീട് ദക്ഷിണേന്ത്യയിലെ സ്വപ്‌നസുനന്ദരിയായി മാറുകയായിരുന്നു. 90 കളില്‍ പുറത്തിറങ്ങിയ ഓരോ ചിത്രങ്ങളിലൂടെയും ശ്രീദേവി തന്റെ താരപദവി അരക്കിട്ടുറപ്പിക്കുകയായിരുന്നു. മികവാര്‍ന്നതും തന്‍മയത്വം നിറഞ്ഞതുമായ അഭിനയം മൂലം ഇന്നും ചലച്ചിത്രലോകത്ത് ശ്രീദേവി എന്നാല്‍ വിസ്മയം തന്നെയാണ്.

1963 ഓഗസ്റ്റ് 13ന് തമിഴ്‌നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. അച്ഛന്‍ അയ്യപ്പന്‍, അഭിഭാഷകനായിരുന്നു. അമ്മ രാജേശ്വരി. തുണൈവര്‍ എന്ന തമിഴ് ചിത്രത്തിലൂടെ തന്റെ നാലാം വയസ്സിലായിരുന്നു ശ്രീദേവി അഭിനയരംഗത്തേക്കെത്തുന്നത്. 1971 പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. പിന്നീട് കണ്ടന്‍ മാളികൈ, നം നാടു, ബാബു, ബാല ഭരതം, വസന്ത മാളികൈ, തുടങ്ങി നിരവധി സിനിമകളില്‍ ബാലതാരമായി ശ്രീദേവി തിളങ്ങി.

ആദ്യകാല ചിത്രങ്ങളില്‍ ഒന്ന്

1976ല്‍ പതിമൂന്നാം വയസ്സില്‍ കെ ബാലചന്ദര്‍ സംവിധാനം ചെയ്ത മുണ്ട്ര് മുടിച്ച് എന്ന ചിത്രത്തില്‍ കമല്‍ഹാസനും, രജനീകാന്തിനുമൊപ്പം നായികയായി അരങ്ങേറ്റം കുറിച്ചു. അതിനുശേഷം കമല്‍ഹാസനുള്‍പ്പെടെയുള്ളവരുടെ നായികയായി ഒരു പാട് ചിത്രങ്ങളില്‍ ശ്രീദേവി അഭിനയിച്ചു. മികവാര്‍ന്ന അഭിനയം മൂലം ബോളിവുഡിലെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍ എന്ന തലത്തിലേക്ക് വരെ ശ്രീദേവി വളര്‍ന്ന കാലമായിരുന്നു പിന്നീട് ചലച്ചിത്ര ലോകം കണ്ടത്.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി മുന്നോറോളം ചിത്രങ്ങളില്‍ ശ്രീദേവി അഭിനയിച്ചു. ചലച്ചിത്ര ലോത്ത് 1979-83 കാലഘട്ടത്തില്‍ പകരംവെയ്ക്കാനില്ലാത്ത നായികയായി ശ്രീദേവി വളരുകയായിരുന്നു. 1975ല്‍ പുറത്തിറങ്ങിയ ജൂലിയില്‍ ചെറിയ വേഷത്തിലൂടെയാണ് ശ്രീദേവി ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. എന്നാല്‍ 1983ല്‍ പുറത്തിറങ്ങിയ ഹിമ്മത് വാലയാണ് ബോളിവുഡില്‍ ശ്രീദേവിയ്ക്ക് ആരാധകരെ ഉണ്ടാക്കിയത്. പിന്നീട് വിജയിച്ച ചിത്രങ്ങളുടെ ഭാഗമാവുകയായിരുന്നു ഈ താരറാണി.

ഫയല്‍ചിത്രം

1997ല്‍ ചലച്ചിത്ര രംഗത്തുനിന്നും വിടവാങ്ങിയ ശ്രീദേവി ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരികെ എത്തുകയായിരുന്നു. ടെലിവിഷന്‍ പരമ്പരകളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. 2017ല്‍ റിലീസ് ചെയ്ത മോം ആണ് അവസാനമായി പുറത്തിറങ്ങിയ ശ്രീദേവി ചിത്രം. ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന സീറോ എന്ന ഹിന്ദി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

പതിനാറു വയതിനിലെ, സിഗപ്പ്, റോജാക്കള്‍, മൂന്നം പിറ, മിസ്റ്റര്‍ ഇന്ത്യ, നാഗിന, ഇംഗ്ലീഷ് വിംഗ്ലീഷ്, തുടങ്ങിയവയാണ് പ്രധാനചിത്രങ്ങള്‍. ദേവരാഗം, കുമാരസംഭവം, സത്യവാന്‍ സാവിത്രി, തുടങ്ങി 26ഓളം മലയാള സിനിമകളിലും ശ്രീദേവി വേഷമിട്ടു.

രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിം ഫെയര്ഡ പുരസ്‌കാരങ്ങളും ശ്രീദേവിയ്ക്ക് ലഭിച്ചിട്ടുണ്ട്. 2013ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. 1981ല്‍ മൂന്നാംപിറയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുളള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു.

ശ്രീദേവി ഭര്‍ത്താവ്, ബോണി കപൂര്‍

ശ്രീദേവി മകള്‍ ജാന്‍വിയ്ക്കൊപ്പം

എണ്‍പതുകളില്‍ സൂപ്പര്‍താരം മിഥുന്‍ ചക്രവര്‍ത്തിയുമായി ശ്രീദേവി പ്രണയത്തിലാണെന്നും രഹസ്യമായി വിവാഹം കഴിയ്ക്കുകയും ചെയ്തിരുന്നു.എന്നാല്‍ പിന്നീട് അവര്‍ അകലുകയായിരുന്നു. പിന്നീട് അനില്‍ കപൂറിന്റെ സഹോദരനും ചലച്ചിത്ര നിര്‍മ്മാതാവുമായ ബോണി കപൂറിനെ 1996 ലാണ് ശ്രീദേവി വിവാഹം കഴിയ്ക്കുന്നത്. മകള്‍ ജാഹ്നിയുടെ സിനിമാ പ്രവേശനത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ക്കിടെയാണ് അഭിനയത്തില്‍ എന്നും വിസ്മയം തീര്‍ത്ത താരസുന്ദരി വിടപറഞ്ഞിരിക്കുന്നത്.

DONT MISS
Top