നിന്റെ വിശപ്പ് കാണാത്ത കേരളം, മാപ്പ് സഹോദരാ…

രാഷ്ട്രീയ കൊലപാതകത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ട കേരളത്തിന്റെ നെറുകയില്‍ മറ്റൊരു കളങ്കം കൂടിയുണ്ടാക്കുന്ന വാര്‍ത്തയാണ് അട്ടപ്പാടിയില്‍ നിന്നും കേള്‍ക്കുന്നത്.വിശപ്പകറ്റാന്‍ കാട്ടില്‍ നിന്നും നാട്ടിലേക്കെത്തിയ ആ യുവാവിനെ നിര്‍ദാക്ഷണ്യം കൊല്ലുകയായിരുന്നു സാക്ഷര കേരളം. സാക്ഷരനായ ഇരുകാലിയേക്കാള്‍ നിരക്ഷരനായ നാല്‍ക്കാലിയാണ്  ശരിയെന്ന് മനസ്സിലാക്കുമ്പോഴേക്കും ഈ ലോകത്തുനിന്നു തന്നെ നാം അവനെ അകറ്റി.

ആള്‍ക്കൂട്ടവിചാരണകള്‍ കേരളത്തിന് ഇന്ന് പുത്തരിയല്ല. അതിന്റെ ഭീകരത പലരിലൂടെയും നാം കണ്ടു. പേര് അറിയാത്ത അന്യസംസ്ഥാന തൊഴിലാളികള്‍, ട്രാന്‍സ്‌ജെന്ററുകള്‍, സ്ത്രീകള്‍ കൂട്ടമായി തല്ലിയ മാനസിക നില തെറ്റിയ സ്ത്രീ ഇങ്ങനെ നീളുന്ന ആ പട്ടിക. നിസഹായരായ ഈ മനുഷ്യരുടെ രോദനം കേരളം കണ്ടതും അറിഞ്ഞതുമാണ്. അതിജീവിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പ്രവണത സാംസ്‌കാരിക കേരളത്തില്‍ പരക്കെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. മാനസികനില തെറ്റിയ ആള്‍ക്കൂട്ടത്തിന്റെ വിചാരണ ഹൃദയഭേദകമായ കാഴ്ചയാണ്.

ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധു

പ്രദേശത്തെ കടകളില്‍ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചുവെന്നാരോപിച്ചാണ് മധുവിനെ നാട്ടുകാര്‍ പിടികൂടിയത്. പിടികൂടിയതിന് പിന്നാലെ മര്‍ദനവും തുടങ്ങി. ഉടുമുണ്ടുരിഞ്ഞ് കൈകള്‍ ശരീരത്തില്‍ ബന്ധിച്ചായിരുന്നു മര്‍ദനം. കേരളത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന പുരോഗമനം കൂടിയാണ് ആ മനുഷ്യനില്‍ വരിഞ്ഞുകെട്ടപ്പെട്ടു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം ഉയരുന്നുവെന്ന കപട നാട്യത്തിനേറ്റ കനത്ത തിരിച്ചടിയാണ് ആ വരിഞ്ഞുകെട്ടല്‍.

ഇതിന്റെ വീഡിയോ പകര്‍ത്താനും പിന്നീട് ആസ്വദിക്കാനുമായി വിദ്യാസമ്പന്നരെന്ന് മേനിനടിക്കുന്ന ആള്‍ക്കൂട്ടം മറന്നില്ല. മധുവിനെ മര്‍ദിക്കുന്നത് പശ്ചാത്തലമാക്കി സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്ത യുവാക്കള്‍ കേരളത്തിന്റെ മാറിയ മാനസികാവസ്ഥയുടെ ചെറിയൊരു ഉദാഹരണം മാത്രം.

മറ്റുളളവന്റെ വേദനയും കണ്ണീരും ആസ്വദിക്കുന്നവന്റെ സെല്‍ഫി പ്രേമവും അപകടകരമായൊരു കാലത്തിന്റെ സൂചനയാണ് നല്‍കുന്നത്. ഈ സെല്‍ഫി പ്രേമം നമ്മെ കൊണ്ടെത്തിക്കുന്നത് വല്ലാത്തൊരു ഭീതിയുടെ അന്തരീക്ഷത്തിലേക്കാണ്. രാഷ്ട്രീയക്കാരും മേലാളന്‍മാരും നമ്പര്‍ വണ്‍ എന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറയുന്ന കേരളത്തിന്റെ മുഖത്തിനേറ്റ അടിയായി അട്ടപ്പാടി സംഭവം മാറിയിരിക്കുന്നു. യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് ക്രൂരതയുടെ പര്യായമായി സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞാടുകയാണ്.

നിയമം കൈയിലെടുക്കുന്ന ഇത്തരം ആള്‍ക്കൂട്ടങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം കണ്ടുവരുന്ന ജാതിവെറികളും ആള്‍ക്കൂട്ട വിചാരണയും കേരളത്തിലും എത്തുന്നുവെന്നത് ഏറെ ഭീതിയുണ്ടാക്കുന്നു.

അവന്റെ തൊലിയുടെ നിറവും വസ്ത്രധാരണവുമാണോ നിങ്ങളുടെ പ്രശ്‌നമെന്ന സമൂഹമാധ്യമങ്ങളിലെ ചോദ്യത്തിന് മുന്നില്‍ സാംസ്‌കാരിക കേരളം തലകുനിച്ച് പോവുന്നു. നിസഹായരായവരെ എന്നും ചോദ്യം ചെയ്തും ആക്രമിച്ചും ശീലമുള്ള മലയാളിക്ക് മറ്റൊരു ചൂടുള്ള വാര്‍ത്തയാവുകയാണ് മധു.

നിസഹായരായ ഈ മനുഷ്യരുടെ രോദനം കേരളം ധാരാളം കണ്ടതാണ്. അതിജീവിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പ്രവണത സാംസ്‌കാരിക കേരളത്തില്‍ പരക്കെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അപകടകരമായൊരു കാലത്തിലേക്കുള്ള ഈ പോക്ക് തടഞ്ഞില്ലെങ്കില്‍ ഒരു പക്ഷെ കേരളം മറ്റൊരു ഉത്തര്‍പ്രദേശോ മറ്റോ ആയി മാറിയെന്നുവരും.

നിസഹായരായവരെ ആക്രമിക്കുകയും വേണ്ടിവന്നാല്‍ കെല്ലുകയും ചെയ്യാം എന്ന മനഃസ്ഥിതി മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അല്ലാത്തപക്ഷം മധുവിന്റെ സ്ഥാനത്ത് ഇനിയും പേരുകള്‍ ഉയര്‍ന്നുകേള്‍ക്കും. അതിന് സ്വയം തിരുത്തലുകള്‍ നടത്തിയേ മതിയാകൂ. സോഷ്യല്‍മീഡിയയിലെ രണ്ട് ദിവസത്തെ ഹാഷ്ടാഗുകളും ക്യാംപെയിനുകളും കഴിഞ്ഞാല്‍ മറ്റൊരാള്‍ ആ സ്ഥാനത്തേക്ക് എത്തും. കുറച്ച് ദിവസത്തെ വാട്‌സ്ആപ്പ് ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ചിത്രങ്ങളില്‍ ഒതുങ്ങി പതുക്കെ കേരളവും മധുവിനെ മറക്കും.

പറയാനുള്ളത് ഒരു വാക്ക് മാത്രം ‘മാപ്പ്’. നിന്റെ വിശപ്പും നിന്റെ വേദനയും കാണാത്ത നീതികെട്ട ഈ കാലത്തിന്റെ സന്തതിയാണ് ഞാനും എന്നോര്‍ത്ത് ലജ്ജിക്കുന്നു.

DONT MISS
Top