മലയാളികൾ ചേർന്ന് അരക്കോടി രൂപ കബിളിപ്പിച്ചു; പരാതിയുമായി ഈജിപ്ഷ്യന്‍ സ്വദേശി

കൊല്ലം: മൂന്ന് മലയാളികൾ ചേർന്ന് അരക്കോടി രൂപ കബിളിപ്പിച്ചെന്ന് ആരോപിച്ച് സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഈജിപ്ഷ്യൻ സ്വദേശിയുടെ വാർത്താസമ്മേളനം. ഈജിപ്ഷ്യൻ സ്വദേശി ഹസാം മുഹമ്മദാണ് പരാതിക്കാരൻ. കൊല്ലം, തിരുവനന്തപുരം സ്വദേശികൾക്കെതിരെ പൊലീസിൽ പരാതി നൽകി.

കൊല്ലം തൊടിയൂർ സ്വദേശി സിറാജുദ്ദീൻ, തിരുവനന്തപുരം സ്വദേശികളായ ഷിബു, സെയ്റുദ്ദീൻ മൈത്തിനി എന്നിവർക്കെതിരെയാണ് പരാതി. സൗദിയിലെ ഇലക്ട്രോണിക് ഉപകരണ ഡീലറാണ് പരാതിക്കാരനായ ഹസാം മുഹമ്മദ്. സിറാജുദ്ദീനും, ഷിബുവും ചേർന്ന് 1, 45, 568 റിയാലിനും, സെയ്റുദ്ദീൻ 1,41,921 റിയാലിനും ഇലകട്രോണ്ക് ഉപകരണങ്ങൾ വാങ്ങി. വിൽപന നടത്തിയ ശേഷം പണം തിരികെ നൽകാമെന്നായിരുന്നു കരാർ.

എന്നാൽ പണം നൽകാതെ കബിളിപ്പിച്ച് മൂന്ന് പേരും നാട്ടിലേയ്ക്ക് കടന്നു. ഹസാം മുഹമ്മദ് കടക്കെണിയിലായതോടെയാണ് കബിളിപ്പിച്ചവരെ തേടി കേരളത്തിലെത്തിയത്. കഴിഞ്ഞ 20 ദിവസമായി പരാതിയുമായി പലരെയും സമീപിച്ചു. പണം ലഭിക്കാതെവന്നതോടെയാണ് വാർത്താ സമ്മേളനം നടത്തിയത്.

പൊലീസ് സ്റ്റേഷനിലെത്തി മൂന്ന് പേരും പണം നൽകാനുണ്ടെന്ന് സമ്മതിച്ചു, എന്നാൽ പണം തിരിച്ചു നൽകുന്ന കാര്യത്തിൽ മറുപടി ഒന്നും പറഞ്ഞില്ല . കേരളത്തിൽ നടന്ന ഇടപാട് അല്ലാത്തതിനാൽ കോടതിയെ സമീപിക്കാനാണ് പൊലീസിന്റെ നിർദ്ദേശം. മൂന്ന് പേരും കേരളത്തിൽ ആഡംബര ജീവിതമാണ് നയിക്കുന്നതെന്നും പരാതിക്കാർ ആരോപിച്ചു.

DONT MISS
Top