ആരെങ്കിലും തന്നെ തിരിച്ചെത്തിക്കൂ; ബ്ലാസ്റ്റേഴ്‌സിലെത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ച് വീണ്ടും ജര്‍മന്‍

അന്റോണിയോ ജര്‍മന്‍

കൊച്ചി: ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിനായി കളിക്കാന്‍ എതിര്‍ ടീമിലെ താരങ്ങളോടോപ്പം കൊമ്പന്മാരുടെ തന്നെ മുന്‍ താരങ്ങളും പലപ്പോഴും ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. അത്തരത്തില്‍ വീണ്ടും ടീമിലെത്തിയവരായിരുന്നു ഇയാന്‍ ഹ്യൂമും, പുള്‍ഗയും പരിശീലകന്‍ ഡേവിഡ് ജെയിംസും. ഇപ്പോഴിതാ മുന്‍താരം അന്റോണിയോ ജര്‍മനും കേരളക്കൂടാരത്തിലേക്ക് തന്നെ ആരെങ്കിലും തിരിച്ചെത്തിക്കുമോ എന്ന ആവശ്യവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

ബ്ലാസ്റ്റേഴ്‌സിനായി രണ്ട് സീസണുകളില്‍ ബൂട്ടുകെട്ടിയ ജര്‍മന്‍ ഇപ്പോഴും ടീമില്‍ തിരിച്ചെത്താനുള്ള കാത്തിരിപ്പിലാണ്. തന്നെ ആരെങ്കിലും ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തിക്കൂ എന്നായിരുന്നു താരത്തിന്റെ ട്വിറ്റര്‍ പോസ്റ്റ്. രണ്ടാം സീസണില്‍ ഏഴാമത്തെ മത്സരത്തിലാണ് ജര്‍മന്‍ കളത്തിലെത്തിയതെങ്കിലും മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. അതുകൊണ്ടുതന്നെ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സ് ജര്‍മനെ നിലനിര്‍ത്തി. എന്നാല്‍ ആരാധകരേയും മാനേജ്‌മെന്റിനെയും ഒരുപോലെ നിരാശപ്പെടുത്തുന്നതായിരുന്നു ജര്‍മന്റെ പ്രകടനം.

മൂന്നാം സീസണില്‍ ശോഭിക്കാന്‍ സാധിക്കാതിരുന്നതാണ് ജര്‍മന് ടീമിലെ സ്ഥാനം നഷ്ടപ്പെടാന്‍ കാരണമായത്. പക്ഷെ ബ്ലാസ്റ്റേഴ്‌സ് കൂടാരത്തിലെത്താന്‍ ജര്‍മന്‍ നിരന്തരമായി ശ്രമിച്ചുകൊണ്ടിരുന്നു. ജനുവരിയില്‍ മാര്‍ക്ക് സിഫ്‌നിയോസിസ് ടീം വിട്ട് പുറത്തുപോയപ്പോഴും കേരളത്തില്‍ തിരിച്ചെത്താനുള്ള ആഗ്രഹം താരം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും ഉണ്ടായില്ല. മാത്രവുമല്ല സിഫ്‌നിയോസിസിന് പകരം ഗുഡ്‌ജോണ്‍ ബാല്‍ഡ് വിന്‍സണിനെയാണ് മാനേജ്‌മെന്റ് ടീമിലെത്തിച്ചത്. ഇതിനുശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിലെത്താന്‍ വീണ്ടും താത്പര്യം പ്രകടിപ്പിച്ച് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ആരാധകരാണ് ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത്. മുന്‍കളിക്കാരെ വീണ്ടും ടീമിലേക്ക് ആകര്‍ഷിക്കുന്നതിനോടൊപ്പം ഐഎസ്എല്ലില്‍ എതിര്‍ ടീമിലെ കളിക്കാര്‍ പോലും അസൂയപ്പെടുന്നതും ആ ഒരു കാര്യത്തില്‍ തന്നെയാണ്. നിലവില്‍ എട്ട് വിദേശതാരങ്ങളുമായി കരാര്‍ ഉള്ളതിനാല്‍ തന്നെ ജര്‍മന്റെ ആഗ്രഹം ഇത്തവണ നടക്കാന്‍ സാധ്യത കാണുന്നില്ല എന്നതാണ് വാസ്തവം. അടുത്ത സീസണില്‍ താരം ടീമിനൊടൊപ്പം ചേരുമോ എന്നത് കണ്ടുതന്നെ അറിയണം.

DONT MISS
Top