സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ നോക്കിയിരുന്നാല്‍ ജീവിതകാലം മുഴുവന്‍ കാത്തിരിക്കേണ്ടിവരും; ഭാവന

കമലിന്റെ നമ്മളിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച താരമാണ് ഭാവന. ചുരുങ്ങിയ കഥാപാത്രങ്ങള്‍കൊണ്ട് സിനിമയില്‍ തന്റെ സ്ഥാനം തെളിയിക്കാന്‍ ഭാവനയ്ക്ക് സാധിച്ചു. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹശേഷം സിനിമാ തിരക്കുകളിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് താരം.

സിനിമ എന്നത് എന്നും തന്റെ പാഷനാണെന്നും വിവാഹശേഷവും അതില്‍ മാറ്റം ഉണ്ടായിട്ടില്ലെന്നും താരം പറയുന്നു. കന്നഡ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമം ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യം വ്യക്തമാക്കിയത്.

കന്നഡ ചിത്രം തെഗാരുവാണ് വിവാഹശേഷം ഭാവന അഭിനയിക്കുന്ന ആദ്യ ചിത്രം. ശിവരാജ് കുമാര്‍ നായകനാകുന്ന ചിത്രത്തില്‍ വലിയ പ്രാധാന്യമില്ലാത്ത വേഷമാണ് ഭാവന കൈകാര്യം ചെയ്യുന്നത്. എന്നാല്‍ താന്‍ ആ വേഷത്തില്‍ തൃപ്തയാണെന്നും നല്ലൊരു വേഷം ലഭിച്ചാല്‍ സ്വീകരിക്കുമെന്നും ഭാവന പറയുന്നു.

കുറച്ച് നാള്‍ മുന്‍പ് വരെ വര്‍ഷത്തില്‍ രണ്ട് ചിത്രങ്ങള്‍ മാത്രമേ താന്‍ ചെയ്തിരുന്നുള്ളൂ അതില്‍  തൃപ്തയായിരുന്നുവെന്നും തനിക്ക് ഈ മേഖലയില്‍ തന്നെ തുടരണമെന്നും ഭാവന പറയുന്നു. സിനിമയില്‍ സ്ത്രീ കേന്ദ്രീകൃതമായ കഥാപാത്രങ്ങള്‍ കാത്തിരുന്നാല്‍ ജീവിതകാലം മുഴുവന്‍ ആ കാത്തിരിപ്പ് തുടരേണ്ടിവരും. നമ്മളെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന കഥാപാത്രങ്ങള്‍ ലഭിക്കുക എന്നത് വിരളമായിരിക്കും.

നവീന്‍, ഭാവന

മലയാളത്തില്‍ തന്നെ നായക കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുളള സിനിമകളില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ തനിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ സ്ത്രീ കേന്ദ്രീകൃത സിനിമകളിലെ കഥാപാത്രങ്ങള്‍ ഒന്നോ രണ്ടോ മാത്രമായിരിക്കും. ഈ അടുത്ത് ചെയ്ത ആദം ജോണ്‍ നായക കഥാപാത്രത്തിന് പ്രാധാന്യമുള്ള ചിത്രമായിരുന്നിട്ടുകൂടി തനിക്ക് നല്ല കഥാപാത്രം ചെയ്യാന്‍ സാധിച്ചു. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനിലെ പല്ലവിയും നല്ല കഥാപാത്രമായിരുന്നു. അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ തേടിവരുമ്പോള്‍ ചെയ്യുന്നതിന് സന്തോഷമുണ്ടെന്നും ഭാവന പറയുന്നു.

തെഗാരു ചിത്രം നായിക പ്രാധാന്യമില്ലാത്ത ചിത്രമായിരുന്നുവെന്ന് തനിക്ക് അറിയാമായിരുന്നു. എന്നാല്‍ മികച്ച ടീം ആയതുകൊണ്ടാണ് ചിത്രത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചതെന്നും ഭാവന പറയുന്നു. നിങ്ങള്‍ക്ക് ചിത്രത്തില്‍ എന്തുമാത്രം സാധ്യതകളുണ്ടെന്ന് ചിന്തിക്കാന്‍ നില്‍ക്കാതെ അത്തരം സിനിമകളുടെ ഭാഗമാകാനാണ് താന്‍ ശ്രമിക്കുന്നത്. എന്നെ ആശ്ചര്യപ്പെടുത്തുന്ന സിനിമ ആണെങ്കില്‍ ആ വേഷം താന്‍ ചെയ്യും. പക്ഷെ അതിന് തനിക്ക് യാതൊരു ധൃതിയുമില്ലെന്നും ഭാവന പറയുന്നു.

സിനിമയോടൊപ്പം തന്നെ എന്റെ കുടുംബവും എനിക്ക് വലുതാണ്. വിവാഹശേഷം ജീവിതത്തില്‍ പ്രത്യേകിച്ച് മാറ്റങ്ങള്‍ ഉണ്ടായതായി തോന്നുന്നില്ല. നവീനേയും കുടുംബത്തെയും കഴിഞ്ഞ ആറ് വര്‍ഷമായി അറിയാം. അവരോടൊപ്പം സമയം കണ്ടെത്തുന്നതും തനിക്ക് പ്രധാനമാണെന്നും ഭാവന പറഞ്ഞു.

DONT MISS
Top