വലഞ്ചുഴി പാലം നിര്‍മാണത്തിലെ ക്രമക്കേട്: പത്തനംതിട്ട നഗരസഭാ കൗണ്‍സിലില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ വാക്കേറ്റം

പത്തനംതിട്ട: വലഞ്ചുഴി പാലം നിര്‍മാണത്തിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ യോഗം ബഹിഷ്‌കരിച്ചു. മുദ്രാവാക്യം വിളിച്ചുള്ള പ്രതിഷേധത്തിനിടെ ചില കൗണ്‍സിലര്‍മാര്‍ മൈക്ക് എടുത്ത് എറിയുകയും കൗണ്‍സില്‍ ഹാളിന്റെ വാതില്‍ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു.

വലഞ്ചുഴി പാലത്തിന്റെ നിലവിലെ അവസ്ഥ സംബന്ധിച്ച് പഠനം നടത്താന്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരളയെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച റിപ്പോര്‍ട്ട് കൗണ്‍സില്‍ പരിഗണനയ്ക്കു വന്നപ്പോഴാണ് ചര്‍ച്ചയും തര്‍ക്കവും ആരംഭിച്ചത്. പാലം നിര്‍മാണത്തില്‍ അഴിമതി ഉണ്ടെന്നും അത് വിജിലന്‍സ് അന്വേഷിക്കണമെന്നുമാണ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ പാലം നിര്‍മാണത്തില്‍ അഴിമതിയൊന്നും നടന്നിട്ടില്ലെന്ന് ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് അസന്നിഗ്ധമായി പ്രഖ്യാപിച്ചപ്പോള്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ യോഗം ബഹിഷ്‌കരിക്കുന്നതായി അറിയിച്ച് മുദ്രാവാക്യവുമായി എഴുന്നേറ്റു. നിര്‍മാണത്തിന്റെ കരാര്‍ വയ്ക്കുന്ന സമയത്ത്, അഞ്ചു വര്‍ഷം വരെ അറ്റകുറ്റപ്പണി ചെയ്യാന്‍ സില്‍ക് തയ്യാറായപ്പോള്‍ കരാറില്‍ അത് ഒരു വര്‍ഷമാക്കി ചുരുക്കിയത് അഴിമതിയാണെന്ന് എല്‍ഡിഎഫ് ആരോപണമുന്നയിച്ചിരുന്നു.

എന്നാല്‍, 10 വര്‍ഷത്തെ അറ്റകുറ്റപ്പണി സില്‍ക്ക് ഏറ്റെടുത്തിട്ടുണ്ടെന്ന് ഫയലുകള്‍ വച്ച് യുഡിഎഫ് മറുപടി നല്‍കി. തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത യുഡിഎഫ് കൗണ്‍സിലര്‍മാരെല്ലാം വിജിലന്‍സ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നു വാദിച്ചു. ചില ഉദ്യോഗസ്ഥര്‍ ഭരണസമിതിയുടെ ശോഭ കെടുത്തുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി.

DONT MISS
Top