വിജയകരമായി വിക്ഷേപിച്ച ഫാൽക്കണ്‍ ഹെവി റോക്കറ്റ് നിര്‍മാണത്തിന് പിന്നില്‍ മലയാളിയുടെ കരസ്പര്‍ശവും

ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിന്റെ വിക്ഷേപണം, ഇന്‍സെറ്റില്‍ ടിജു എബ്രഹാം

ഹൂസ്റ്റണ്‍: ചൊവ്വ, ചാന്ദ്രയാത്രകള്‍ക്കു ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവിയുടെ നിര്‍മാണത്തില്‍ അമേരിക്കന്‍ മലയാളി യുവാവിന്റെ കരസ്പര്‍ശവും. ഹൂസ്റ്റണില്‍ താമസമാക്കിയ റ്റിജു എബ്രഹാം എന്ന മുപ്പതുകാരനാണ് മലയാളി സമൂഹത്തിനാകെ അഭിമാനമായത്. കാലിഫോര്‍ണിയ ആസ്ഥാനമായ സ്‌പേസ് എക്‌സ് എന്ന സ്വകാര്യ കമ്പനിയാണ് വിജയകരമായി ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ് വിക്ഷേപിച്ചത്.

ഏവിയേഷന്‍ ടെക്‌നോളജിയില്‍ ഡിപ്ലോമയും യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബിരുദവും നേടിയിട്ടുള്ള റ്റിജു എബ്രഹാം അമേരിക്കന്‍ എയര്‍ലൈന്‍സ് മെക്കാനിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്തിട്ടുണ്ട്. ഈ പരിചയമാണ് സ്‌പേസ് എക്‌സ് നിര്‍മാണത്തിന് പങ്കാളിത്തം വഹിക്കാന്‍ അദ്ദേഹത്തിന് അവസരമൊരുക്കിയത്.

ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുള്ള മനുഷ്യന്റെ കുതിപ്പിന് വളരെ നിര്‍ണായകമാകുന്ന ഒരു കാല്‍വയ്പാണ് ഫാല്‍ക്കണ്‍ ഹെവി പരീക്ഷണത്തോടെ സ്‌പേസ് എക്‌സ് പൂര്‍ത്തിയാക്കിയത്. ഫെബ്രുവരി 6 നു ഫ്‌ളോറിഡയിലുള്ള കെന്നഡി സ്‌പേസ് സെന്ററില്‍നിന്നും ആയിരുന്നു ആദ്യത്തെ പരീക്ഷണ വിക്ഷേപണം നടത്തിയത്. ഈ പരീക്ഷണത്തിനു ഉപയോഗിച്ച രണ്ടു സൈഡ് ബൂസ്‌റ്റേഴ്‌സ് തിരിച്ചിറക്കി ഈ പരീക്ഷണം ലാഭകരവുമാക്കി സ്‌പേസ് എക്‌സ്. ഇനി രണ്ടു പരീക്ഷണങ്ങള്‍ക്കുകൂടി അവ ഉപയോഗിക്കാം. സര്‍ക്കാര്‍ സഹായമില്ലാതെ ഒരു സ്വകാര്യ വ്യവസായ കമ്പനി ആദ്യമായാണ് ഇത്തരമൊരു കൂറ്റന്‍ റോക്കറ്റ് നിര്‍മിച്ചു പരീക്ഷിക്കുന്നത്. അമേരിക്കയിലെ കെന്നഡി സ്‌പേസ് സെന്ററിലാണ് വിക്ഷേപണം നടത്തിയത്.

സ്പേസ് എക്സ് സ്ഥാപകൻ എലോൺ മസ്കിന്റെ ചിര കാല സ്വപ്നങ്ങളിൽ ഒന്നാണ് ചൊവ്വയിലേക്ക് ആൾക്കാരെ എത്തിക്കുക എന്നത്. അതിനു വേണ്ടിയുള്ള തയ്യാറെടുപ്പാണ് ഫാൽക്കൺ നിരയിൽ പെട്ട ഫാൽക്കൺ 1, ഫാൽക്കൺ 9 ഇപ്പോൾ വിക്ഷേപിച്ച ഫാൽക്കൺ ഹെവി റോക്കറ്റുകൾ. നിരവധി പരാജയങ്ങൾക്കൊടുവിലാണ് ഫാല്‍ക്കണ്‍ 9 വിജയം കൈവരിച്ചത്. ഇപ്പോൾ ഉള്ളതിൽ ഏറ്റവും വലിയ പേലോഡ് ഭൂമിയുടെ ഓർബിറ്റിൽ എത്തിക്കാൻ കഴിയുന്നത് ഫാൽക്കൺ 9നു മാത്രമായിരുന്നു. അതിന്റെ റെക്കോർഡ് ആണ് ഫാൽക്കൺ ഹെവി തിരുത്തിയിരിക്കുന്നത്.

DONT MISS
Top