എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ കേന്ദ്രം ഇടപെടണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

പിണറായി വിജയന്‍

തിരുവനന്തപുരം: ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശകളും സുപ്രിം കോടതിയുടെ നിരീക്ഷണങ്ങളും കണക്കിലെടുത്ത് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരവും പ്രതിമാസ പെന്‍ഷനും നല്‍കാന്‍ ആവശ്യമായ തുകയുടെ അമ്പതു ശതമാനമെങ്കിലും കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക്  മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.

മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശയും സുപ്രിം കോടതി നിര്‍ദേശവും അനുസരിച്ച് ആശ്വാസധനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് വരുന്ന ബാധ്യത 349 കോടി രൂപയാണ്. ഇതിന്‍റെ പകുതി തുകയായ 174.5 കോടി രൂപയും അഞ്ചുവര്‍ഷത്തേക്ക് പെന്‍ഷന്‍ നല്‍കുന്നതിന് ആവശ്യമായ തുകയുടെ പകുതി 25.8 കോടി രൂപയും അടക്കം 200.3 കോടി രൂപ കേന്ദ്രം അനുവദിക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ സഹായിക്കുന്നതിന് 483 കോടി രൂപയുടെ പദ്ധതി 2012-ല്‍ തന്നെ സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. കേന്ദ്ര സഹായം ആവശ്യപ്പെട്ട് 2017 ഫെബ്രുവരി 14, ഒക്ടോബര്‍ 30 തീയതികളില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. എന്നാല്‍ അനുകൂലമായ ഒരു തീരുമാനവും ഉണ്ടായിട്ടില്ല.

ദുരന്തബാധിതരെ സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നത്. അവര്‍ക്ക് ആശ്വാസമെത്തിക്കാനും അവരെ നല്ലനിലയില്‍ പുനരധിവസിപ്പിക്കാനും സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ ശുപാര്‍ശ പ്രകാരം അര്‍ഹരായ ദുരന്തബാധിതര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം നല്‍കി.

മരിച്ചവരുടെയും മാനസികവൈകല്യം നേരിട്ടവരുടെയും കിടപ്പിലായവരുടെയും കുടുംബങ്ങള്‍ക്കാണ് അഞ്ചുലക്ഷം വീതം നല്‍കിയത്. മറ്റു ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് മൂന്ന് ലക്ഷം വീതം നല്‍കി. അതിന് പുറമെ ദുരന്തബാധിതരുടെ പട്ടികയിലുളള കാന്‍സര്‍ രോഗികള്‍ക്ക് മൂന്നു ലക്ഷം രൂപ വീതം അനുവദിച്ചു.

ദുരന്തബാധിതരായ 4,376 പേര്‍ക്ക് 2,200 രൂപ, 1,700 രൂപ, 1,200 രൂപ എന്ന തോതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നുണ്ട്. കിടപ്പിലായവരെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ അലവന്‍സും നല്‍കുന്നു. ഇതിന് പുറമെ ബഡ്സ് സ്കൂളില്‍ ഏഴാംതരം വരെയുളളവര്‍ക്ക് 2,000 രൂപയും ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 3,000 രൂപയും ഹയര്‍സെക്കന്‍ററിക്കാര്‍ക്ക് 4,000 രൂപയും പ്രതിവര്‍ഷ സ്കോളര്‍ഷിപ്പും അനുവദിച്ചിട്ടുണ്ട്.

ദുരന്തബാധിതര്‍ക്ക് കടാശ്വാസം നല്‍കുന്നതിനും സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ട്. ഇതനുസരിച്ച് 2011 ജൂണ്‍ 30 നോ അതിന് മുമ്പോ 3 ലക്ഷം രൂപ വരെ വായ്പയെടുത്തവര്‍ കടബാധ്യതയില്‍ നിന്ന് ഒഴിവാകും. കേരളത്തിലെയും കര്‍ണാടകത്തിലെയും 17 പ്രധാന ആശുപത്രികളില്‍ ദുരന്തബാധിതര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനും തീരുമാനിച്ചു.

മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളും ഡയാലിസിസ് കേന്ദ്രവും അനുവദിച്ചു. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, കൗണ്‍സലിങ് എന്നിവക്കുളള സൗകര്യവും ഏര്‍പ്പെടുത്തി. എന്‍ഡോസള്‍ഫാന്‍ ദുരന്തം ബാധിച്ച 11 പഞ്ചായത്തുകളില്‍ 200 കോടി രൂപ ചെലവില്‍ 236 പദ്ധതികള്‍ നടപ്പാക്കുന്നതിന് ഭരണാനുമതി നല്‍കിക്കഴിഞ്ഞു.

ദുരന്തബാധിതരെ സഹായിക്കാനും പുനരധിവസിപ്പിക്കാനും കേരള സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് കേന്ദ്രം മതിയായ സാമ്പത്തിക പിന്തുണ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനോട് അസന്ദിഗ്ദമായി ആവശ്യപ്പെട്ടിരുന്നു.

ദുരന്തബാധിതര്‍ക്ക് ആശ്വാസം നല്‍കാനും അവരെ പുനരധിവസിപ്പിക്കാനുമുളള ചുമതല സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളെ സംയുക്തമായാണ് മനുഷ്യാവകാശ കമ്മീഷനും സുപ്രീം കോടതിയും ഏല്പിച്ചത്. എന്നിട്ടും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ല.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി കഴിഞ്ഞ ആറു വര്‍ഷമായി ലഭിക്കുന്ന സഹായം തീര്‍ത്തും നിസ്സാരമാണ്. ഇതെല്ലാം കണക്കിലെടുത്ത് ഈ പ്രശ്നത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും മതിയായ ധനസഹായം അനുവദിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

DONT MISS
Top