നന്ദി ജയേട്ടാ, കളിക്കളത്തിന് പുറത്തുള്ള ജീവിതം കാണിച്ചുകൊടുത്തതിന്; ജയസൂര്യയെ അഭിനന്ദിച്ച് സികെ വിനീത്

ഫുട്‌ബോള്‍ പ്രേമികളുടെ എക്കാലത്തെയും ആവേശമായ പ്രതിഭ വിപി സത്യന്റെ ജീവിതം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ജയസൂര്യയ്ക്ക് നന്ദി പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് താരം സികെ വിനീത്. 90 മിനുട്ട് മാത്രം എല്ലാവര്‍ക്കും പരിചയമുള്ള ഒരു കളിക്കാരന്റെ കളിക്കളത്തിന് പുറത്തുള്ള ജീവിതത്തെക്കുറിച്ച് ആരുമറിയാറില്ല. ആ ജീവിതം പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുത്തതിന് താന്‍ നന്ദി പറയുന്നുവെന്നാണ് സികെ വിനീത്, ജയസൂര്യയോട് പറഞ്ഞത്.

സിനിമ കണ്ടിറങ്ങിയ ശേഷം സികെ വിനീത് തന്നോട് സംസാരിച്ചതിനെക്കുറിച്ച് ജയസൂര്യ തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ’90 മിനിറ്റ് മാത്രം എല്ലാവര്‍ക്കും പരിചയമുള്ള സികെ വിനീത്. ഇതിനു മുന്‍പുള്ള വ്യക്തി ജീവിതം, ഞങ്ങള്‍ അനുഭവിക്കുന്ന വേദനകള്‍, മാനസിക സംഘര്‍ഷങ്ങള്‍ അതിന്റെ മുന്നിലൊന്നും ഒരു ക്യാമറയും എത്താറില്ല. അല്ലെങ്കില്‍ ആ വേദനയൊന്നും ഞങ്ങള്‍ ആരെയും കാണിക്കാറുമില്ല. അതെല്ലാം വിപി സത്യനിലൂടെ കാണിച്ചപ്പോ ഞങ്ങള്‍ക്ക് ഞങ്ങളെത്തന്നെയാണ് സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞത് ജയേട്ടാ… ഞങ്ങളുടെ കളിക്കളത്തിന് പുറത്തുള്ള ജീവിതം, കാണികള്‍ക്ക് കാണിച്ചു കൊടുത്തതിന് നന്ദി.’ എന്റെ സുഹൃത്ത് സികെ വിനീത് ഇന്നലെ ചിത്രം കണ്ടിട്ട് എന്നോട് പറഞ്ഞത് എന്ന് കുറിച്ചുകൊണ്ടാണ് ജയസൂര്യ വിനീതിന്റെ വാക്കുകള്‍ പങ്കുവെച്ചിരിക്കുന്നത്.

വിപി സത്യന്റെ കഥ പറഞ്ഞ ക്യാപ്റ്റനെ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ സികെ വിനീത്, റിനോ ആന്റോ എന്നിവര്‍ക്കൊപ്പമാണ് ജയസൂര്യയും അനുസിത്താരയും ചിത്രം കണ്ടത്. ഫുട്‌ബോള്‍ ഇതിഹാസ പുരുഷനായ വിപി സത്യന്റെ കഥ പറയുന്ന സിനിമയായതുകൊണ്ടാണ് ചിത്രം കാണാനെത്തിയതെന്ന് സികെ വിനീത് പറഞ്ഞിരുന്നു. സംവിധായകരായ ജോഷി, സിബി മലയില്‍, സിദ്ദിഖ്, മേജര്‍ രവി എന്നിവരുള്‍പ്പെടെ നിരവധി സിനിമാ പ്രവര്‍ത്തകരും ചിത്രം കാണാനെത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top