ഗാനത്തില്‍ വിവാദമാക്കേണ്ടതായിട്ട് ഒന്നും ഇല്ല, സുപ്രിം കോടതിയില്‍നിന്ന് അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്നും ഒമര്‍ ലുലു

കൊച്ചി: മാണിക്യ മലരായ പൂവിയ്‌ക്കെതിരെ പല ഭാഗത്തുനിന്നും പരാതികള്‍ ഉയരുന്ന സാഹചര്യം കണക്കിലെടുത്താണ് സുപ്രിം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് അഡാര്‍ ലൗ സംവിധായകന്‍ ഒമര്‍ ലുലു. റിപ്പോര്‍ട്ടറോട് പ്രതികരിക്കുകയാണ് ഒമര്‍. ഹൈദരാബാദ്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഗാനത്തിനെതിരെ പരാതികള്‍ ലഭിക്കുന്നുണ്ട്. ഇവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

പല ഭാഗത്തുനിന്നും പരാതികള്‍ ഉയരുമ്പോള്‍ നിയമപരമായി മുന്നോട്ട് പോകാന്‍ ബുദ്ദിമുട്ടുണ്ട്. അതുകൊണ്ടാണ് അനുകൂല വിധി പ്രതീക്ഷിച്ച് സുപ്രിം കോടതിയെ സമീപിച്ചതെന്ന് ഒമര്‍ ലുലു പ്രതികരിച്ചു. കേരളത്തില്‍നിന്നും ഗാനത്തിന് വലിയ തോതിലുള്ള പിന്തുണയാണ് ലഭിക്കുന്നത്.

ഗാനത്തില്‍ മതചിന്ദയില്ലെന്ന് വ്യക്തമാക്കികൊണ്ട് കേരളത്തിലെ മുസ്‌ലീം സംഘടനകള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ടെന്നും ഒമര്‍ ലുലു പറയുന്നു. ഗാനത്തില്‍ വിവാദമാക്കേണ്ടതായിട്ട് ഒന്നുമില്ലെന്നും സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം കൂടി വന്നതിന് ശേഷം തുടര്‍ നടപടികള്‍ കൈകൊള്ളുമെന്നും ഒമര്‍ ലുലു റിപ്പോര്‍ട്ടറോട് പ്രതികരിച്ചു.

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെതിരെയാണ് നടി പ്രിയ വാരിയരും സംവിധായകന്‍ ഒമര്‍ ലുലുവും സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. തെലങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രിയ സുപ്രിം കോടതിയെ സമീപിച്ചത്. കേസ് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതെന്ന് പ്രിയ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ചൂണിക്കാട്ടിയിട്ടുണ്ട്.

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനത്തിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും പ്രിയ വാരിയരും ഒമര്‍ ലുലുവും സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണം എന്ന് പ്രിയ വാര്യരുടെയും ഒമര്‍ ലുലുവിന്റെയും അഭിഭാഷകര്‍ നാളെ കോടതിയില്‍ ആവശ്യപ്പെടും.

DONT MISS
Top