സിനിമാ പാരഡീസോ അവാര്‍ഡുകള്‍ സമ്മാനിച്ചു: മികച്ച നടന്‍ ഫഹദ്, നടി പാര്‍വതി

സോഷ്യല്‍ മീഡിയയിലെ സിനിമാ സംവാദവേദിയായ സിനിമാ പാരഡീസോ ഇത്തവണത്തെ സിനിമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാര്‍ഡ് ഫഹദ് ഫാസിലും നടിക്കുന്ന പുരസ്‌കാരം പാര്‍വതിയും സ്വന്തമാക്കി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ആണ് മികച്ച ചിത്രം. ഈ ചിത്രത്തിലെ അഭിനയമാണ് ഫഹദിനെ മികച്ച നടനാക്കിയത്. ടേക്ക് ഓഫിലെ പ്രകടനമാണ് പാര്‍വതിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ലിജോ ജോസ്‌പെല്ലിശേരി മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. മികച്ച സ്വഭാവനടന്‍-അലന്‍സിയര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും), സ്വഭാവനടി-കൃഷ്ണ പത്മകുമാര്‍ (രക്ഷാധികാരി ബൈജു ഒപ്പ്), ഛായാഗ്രാഹകന്‍-ഗിരീഷ് ഗംഗാധരന്‍ (അങ്കമാലി ഡയറീസ്, രാജീവ് രവി (തൊണ്ടിമുതലും ദൃക്‌സാക്ഷിയും), മികച്ച തിരക്കഥ-സജീവ് പാഴൂര്‍, സംഭാഷണം-ശ്യാം പുഷ്‌കരന്‍ (തൊണ്ടി മുതലും ദൃക്‌സാക്ഷിയും), സംഗീതസംവിധായകന്‍-റെക്‌സ് വിജയന്‍ (മായാനദി, പറവ), എഡിറ്റര്‍-കിരണ്‍ ദാസ് (തൊണ്ടിമുതലും ദൃക്‌സാക്ഷിയും) എന്നിങ്ങനെയാണ് മറ്റ് പുരസ്‌കാരങ്ങള്‍.

ഒരു അവാര്‍ഡും ഇല്ലാത്ത തന്റെ വീട്ടില്‍ സിപിസി പുരസ്‌കാരം എല്ലാവരും കാണുന്ന രീതിയില്‍ വെയ്ക്കുമെന്ന് ഫഹദ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും സത്യസന്ധമായ പുരസ്‌കാരമാണ് ഇതെന്ന് ലിജോ ജോസ് പെല്ലിശേരി അഭിപ്രായപ്പെട്ടു. സത്യന്‍ അന്തിക്കാടില്‍ നിന്നാണ് ഫഹദ് പുരസ്‌കാരം സ്വീകരിച്ചത്. വിനായകനെ മികച്ച നടനായി തെരഞ്ഞെടുത്തതിലൂടെ സിനിമാ പാരഡീസോ ക്ലബ്ബ് വിപ്ലവത്തിനാണ് കഴിഞ്ഞ വര്‍ഷം തുടക്കമിട്ടതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ കമല്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് വരുന്ന എല്ലാ അവാര്‍ഡുകള്‍ക്കും മാതൃകയും പ്രചോദനവുമാകും ഈ പുരസ്‌കാരമെന്നും കമല്‍ പറഞ്ഞു.

നസ്രിയ, ആന്റണി വര്‍ഗ്ഗീസ്, ബിജിപാല്‍, അജു വര്‍ഗീസ്, രജിഷാ വിജയന്‍, ടിറ്റോ വില്‍സണ്‍, ഗോവിന്ദ് മേനോന്‍ തുടങ്ങിവയരും പുരസ്‌കാര ദാന ചടങ്ങിനെത്തി. ആയിരത്തോളം അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാര വിതരണം. കെജി ജോര്‍ജ്ജിന്റെയും ജീവിതത്തെയും ചലച്ചിത്ര സപര്യയെയും ആധാരമാക്കി ലിജിന്‍ ജോസ് സംവിധാനം ചെയ്ത എയ്റ്റ് ആന്‍ഡ് ഹാഫ് ഇന്റര്‍കട്ട് എന്ന ഡോക്യുമെന്ററിയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top