കെഎസ്‌യു-സിപിഐഎം സംഘര്‍ഷം: ആലപ്പുഴയില്‍ ഇന്ന് ഹര്‍ത്താല്‍

സംഘര്‍ഷം നടന്ന സ്ഥലം

ആലപ്പുഴ: നഗരത്തില്‍ കെഎസ്‌യു-സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഇന്നലെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ടൗണില്‍ ഇന്ന് ഉച്ചവരെ ഹര്‍ത്താല്‍. പ്രവര്‍ത്തകര്‍ ഇരു പാര്‍ട്ടികളുടേയും കൊടി തോരണങ്ങളും സ്വകാര്യ വാഹനങ്ങളും നശിപ്പിച്ചു. കെഎസ്‌യു സംസ്ഥാനതലത്തില്‍ നടത്തിയ സമരകാഹളം പരിപാടിയും അലങ്കോലമായി.

കെഎസ്‌യുവിന്റെ സമരകാഹളത്തിന് മുന്നോടിയായുള്ള പ്രകടനം നടക്കുമ്പോള്‍ സിപിഐഎമ്മിന്റെ സമ്മേളന പ്രചാരണ ബോര്‍ഡുകളും തോരണങ്ങളും വ്യാപകമായി പ്രവര്‍ത്തകര്‍ നശിപ്പിച്ചതോടെയാണ് സംഘര്‍ഷത്തിന്റെ തുടക്കം. ഇതിനു പിറകെ സിപിഐഎം പ്രവര്‍ത്തകര്‍ നഗരത്തിലുടനീളം കെഎസ്‌യുവിന്റെ തോരണങ്ങളും പ്രവര്‍ത്തകരെ കൊണ്ടുവന്ന വാഹനങ്ങളും അടിച്ചു തകര്‍ത്തു.

ചില കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു. സിപിഐഎം പ്രവര്‍ത്തകര്‍ സംഘടിച്ച് കെഎസ്‌യുവിന്റെ സമ്മേളന നഗരിക്കരികില്‍ എത്തിയെങ്കിലും നഗരിക്ക് അല്‍പമകലെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നഗരി വിട്ടിറങ്ങിയ കെഎസ്‌യു പ്രവര്‍ത്തകരും സിപിഐഎം പ്രവര്‍ത്തകരും തമ്മില്‍ പരസ്പരം കല്ലും വടികളും വലിച്ചെറിഞ്ഞു. സമ്മേളനനഗരിയില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വേദി വിട്ടയുടനെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കെഎസ്‌യു വിന്റെ സമരകാഹളം പരിപാടി അലങ്കോലമായി. ചേരി തിരിഞ്ഞുള്ള കല്ലേറിനിടെ കൊടിക്കുന്നില്‍ സുരേഷ് എം പിയുടേതുള്‍പ്പെടെ നിരവധി സ്വകാര്യവാഹനങ്ങളും ഇരുവിഭാഗവും തകര്‍ത്തു.

സിപിഐഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ ബോര്‍ഡുകളും തോരണങ്ങളും കെഎസ്‌യു നശിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സിപിഐഎം ടൗണില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കെഎസ്‌യു സമരകാഹളം തടസ്സപ്പെടുത്തിയല്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top